സമരം പത്താംദിവസത്തിലേക്ക്

ബെംഗളൂരു : കർണാടകത്തിൽ ഒരാഴ്ചയിലേറെയായി തുടരുന്ന ട്രാൻസ്പോർട്ട് ബസ് ജീവനക്കാരുടെ സമരം കാരണം കോർപ്പറേഷന് വൻവരുമാന നഷ്ടം. സമരം തുടങ്ങിയ ഏപ്രിൽ ഏഴുമുതൽ 15 വരെ 152 കോടിയിലേറെ രൂപയുടെ നഷ്ടമാണുണ്ടായത്. ഇതിൽ കൂടുതൽ നഷ്ടവും കർണാടക ആർ.ടി.സി.ക്കാണ്.

ഉഗാദി പോലുള്ള ഉത്സവ സീസണുകളിൽ വരുമാനത്തിൽ വൻവർധനയുണ്ടാകാറുള്ളതാണ്. എന്നാൽ, ഇത്തവണ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ നടത്താൻ സാധിക്കാത്തത് വരുമാനനഷ്ടം കൂടുതലാക്കിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച സമരം പത്താം ദിവസത്തിലേക്ക് കടക്കും.

സമരം തുടങ്ങി കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ കോർപ്പറേഷന്റെ 62 ബസുകൾക്ക് കല്ലേറിൽ കേടുപാടുകൾ സംഭവിച്ചു. കെ.എസ്.ആർ.ടി.സി.യുടെ 36 ബസുകൾക്കും ബി.എം.ടി.സി.യുടെ മൂന്നു ബസുകൾക്കും എൻ.ഇ.കെ.ആർ.ടി.സി.യുടെ 20 ബസുകൾക്കും എൻ.ഡബ്ല്യു.കെ.ആർ.ടി.സി.യുടെ മൂന്നു ബസുകൾക്കുമാണ് കല്ലേറിൽ കേടുപാടുകൾ സംഭവിച്ചത്. വോൾവൊ ബസുകൾക്കു നേരെയും കല്ലേറുണ്ടായി. അക്രമികൾക്കെതിരേ നടപടിയെടുക്കുമെന്ന് ഗതാഗതവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി പറഞ്ഞു.

നിലവിൽ കോർപ്പറേഷന്റെ 20 ശതമാനം ബസുകൾമാത്രമേ സർവീസ് നടത്തുന്നുള്ളൂ. ബുധനാഴ്ച കെ.എസ്.ആർ.ടി.സി. 1669 ബസുകളും ബി.എം.ടി.സി. 426 ബസുകളും എൻ.ഇ.കെ.ആർ.ടി.സി. 641 ബസുകളും എൻ.ഡബ്ല്യു.കെ.ആർ.ടി.സി. 510 ബസുകളും സർവീസ് നടത്തി.

ആർ.ടി.സി. ബസുകൾ ഇല്ലാത്തതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യാത്രക്കാർ സ്വകാര്യ ബസുകളെയും ടെംപോ ട്രാവലർ, ഓട്ടോറിക്ഷ, കാബ് എന്നിവയെയുമാണ് ആശ്രയിക്കുന്നത്. ഉഗാദി ആഘോഷത്തിനു ശേഷം മറ്റു ജില്ലകളിൽനിന്ന് ബെംഗളൂരുവിലേക്കു വരുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നത്.

പതിവായി യാത്രായിനത്തിൽ കൊടുത്തിരുന്നതിന്റെ ഇരട്ടിയിലധികമാണ് ഇപ്പോൾ ചെലവാകുന്നതെന്ന് യാത്രക്കാർ പറഞ്ഞു.

ജീവനക്കാരുടെ ശമ്പളം എട്ടുമുതൽ പത്തുശതമാനംവരെ ഉയർത്താൻ സർക്കാർ തയ്യാറാണെങ്കിലും ആറാം ശമ്പള കമ്മിഷന്റെ നിർദേശമനുസരിച്ചുള്ള ശമ്പളവർധന വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

സമരം നിർത്തണമെന്ന് നടൻ യഷ്

:ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരോട് സമരത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് കന്നഡ സൂപ്പർതാരം യഷ്. കെ.എസ്.ആർ.ടി.സി. എംപ്ലോയീ ഫെഡറേഷന് അയച്ച കത്തിലൂടെയാണ് സമരത്തിൽനിന്ന് പിന്മാറാൻ താരം ആവശ്യപ്പെട്ടത്. കത്തിന്റെ പകർപ്പ് യഷ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. യഷിന്റെ അച്ഛൻ മുമ്പ് കെ.എസ്.ആർ.ടി.സി., ബി.എം.ടി.സി. ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.