ബെംഗളൂരു : മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പെടെയുള്ള നേതാക്കളെത്തി പ്രവർത്തകരിൽ ആവേശമുയർത്തിയ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് സമാപനം. ബലഗാവി ലോക്‌സഭാമണ്ഡലവും ബസവകല്യാൺ, മസ്കി നിയമസഭാ മണ്ഡലങ്ങളും ശനിയാഴ്ച വിധിയെഴുതും. മൂന്നിടത്തും നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മനസ്സുകീഴടക്കാനുള്ള അവസാനവട്ട ശ്രമമായി വെള്ളിയാഴ്ച നിശബ്ദ പ്രചാരണമുണ്ടാകും.

മൂന്നു മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പുകൾ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കും കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിനും നിർണായകമാണ്. മൂന്നിടത്തും ബി.ജെ.പി.യുടെ പ്രചാരണത്തിന് മുന്നിൽനിന്നത് യെദ്യൂരപ്പയാണ്. ദേശീയ നേതൃത്വത്തിനുമുമ്പിൽ ശക്തിതെളിയിക്കാൻ മൂന്നിടത്തെയും വിജയം യെദ്യൂരപ്പയ്ക്കു അത്യാവശ്യമാണ്. ഇതു മുന്നിൽക്കണ്ട് ദിവസങ്ങളോളം മൂന്നു മണ്ഡലങ്ങളിലുമെത്തി പ്രചാരണത്തിന് നേതൃത്വംനൽകി.

ഡി.കെ. ശിവകുമാറിന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു വിജയം നേടിയാൽ പാർട്ടിയിൽ കൂടുതൽ ശക്തിനേടാനാകും. പരാജയമാണെങ്കിൽ പാർട്ടിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിനുനേരെ ചോദ്യങ്ങളുയരും.