ബെംഗളൂരു : കോവിഡ് വ്യാപനം കുതിച്ചുയരുന്ന ബെംഗളൂരുവിൽ കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്താൻ കോർപ്പറേഷൻ നടപടി. ഇതിന്റെ ഭാഗമായി നഗരത്തിൽ എട്ട്‌ കോവിഡ് കെയർ സെന്ററുകൾകൂടി വെള്ളിയാഴ്ചമുതൽ പ്രവർത്തിച്ചുതുടങ്ങുമെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതോടെ 1505 കിടക്കകൾകൂടി കോവിഡ് രോഗികൾക്കായി സജ്ജമാകും. ആവശ്യത്തിന് ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും ഓരോ കേന്ദ്രങ്ങളിലും നിയമിക്കുമെന്നും അറിയിച്ചു.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുതിക്കാൻ തുടങ്ങിയപ്പോൾ രണ്ട് കോവിഡ് കെയർ സെന്ററുകൾ കോർപ്പറേഷൻ സജ്ജമാക്കിയിരുന്നു. ഇവിടെ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ട്. ഇതിനുപുറമേയാണ് എട്ട് ചികിത്സാകേന്ദ്രങ്ങൾകൂടി വരുന്നത്.

രണ്ട് കോവിഡ് കെയർ സെന്ററുകളിലേതുൾപ്പെടെ ബെംഗളൂരുവിൽ സർക്കാർ തലത്തിൽ 4,430 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി നീക്കിവച്ചിട്ടുള്ളത്. ഇതിൽ 3,248 കിടക്കകളിലും രോഗികളെ കിടത്തിയിരിക്കുകയാണെന്നാണ് ബുധനാഴ്ച വരെയുള്ള കണക്ക്. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിർദേശപ്രകാരം കോവിഡ് ചികിത്സയ്ക്കായി മാറ്റിെവച്ച 858 കിടക്കകളിൽ 229 കിടക്കകൾ മാത്രമാണ് ബാക്കിയുള്ളത്. കോവിഡ് വ്യാപനം തീവ്രഗതിയിലായതിനാൽ നഗരത്തിൽ കൂടുതൽ ചികിത്സാസൗകര്യങ്ങൾ ഏർപ്പെടുത്താനാണ് ആലോചന. ഇതിന്റെ ഭാഗമായാണ് കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്.

കോവിഡ് ഹെൽപ് ലൈൻ ഇരട്ടിയാക്കും

കോവിഡ് വ്യാപനം രൂക്ഷമായ ബെംഗളൂരുവിൽ പൊതുജനങ്ങൾക്ക് സഹായത്തിനായി 24 മണിക്കൂറും വിളിക്കാവുന്ന ഹെൽപ് ലൈൻ നമ്പറുകൾ ഇരട്ടിയാക്കാൻ ബി.ബി.എം.പി. നടപടി. ഇപ്പോൾ ആറ് ടെലിഫോൺ ലൈനുകളാണ് ഹെൽപ്പ് ലൈനുകളായി പ്രവർത്തിക്കുന്നത്. ഇതിന്റെ എണ്ണം 12 ആക്കി മാറ്റുമെന്ന് ബി.ബി.എം.പി. കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. കോവിഡ് നിയന്ത്രണപ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാനാണിത്.