ബെംഗളൂരു : കർണാടകത്തിൽ എസ്.എസ്.എൽ.സി. പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചിട്ടില്ലെന്നും വരുംദിവസങ്ങളിൽ കോവിഡ് സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുമെന്നും പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. ജൂൺ 21-നാണ് എസ്.എസ്.എൽ.സി. പരീക്ഷ തുടങ്ങുന്നത്. നിലവിലെ സാഹചര്യത്തിൽ പരീക്ഷ മുൻനിശ്ചയിച്ചപ്രകാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം സി.ബി.എസ്.ഇ. പരീക്ഷ റദ്ദാക്കയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.

അതേസമയം, സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയതിനാൽ സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷയും റദ്ദാക്കണമെന്ന് സർക്കാരിൽ സമ്മർദമുണ്ട്. നിലവിലുള്ള ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തി അവധി പ്രഖ്യാപിക്കണമെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു. മേയ് 24 മുതൽ ജൂൺ 16 വരെ രണ്ടാംവർഷ പി.യു. പരീക്ഷയും ജൂൺ 21 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയുമാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.