അങ്ങാടിപ്പുറം : ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പ്രൗഢിയിൽ തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ 11 ദിവസം നീണ്ടുനിന്ന പൂരം ശനിയാഴ്ച സമാപിച്ചു.

രാവിലെ പശുക്കുട്ടിയുടെ പാദസ്‌പർശം ഏൽപ്പിച്ച് ഭഗവതിയെ പള്ളിക്കുറുപ്പുണർത്തുന്ന ചടങ്ങോടെയാണ് സമാപനദിവസ പരിപാടികൾ തുടങ്ങിയത്.

സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം രാത്രി 21-ാമത്തെ ആറാട്ടിനായി പൂരം കൊട്ടിയിറങ്ങി. യാത്രാഹോമത്തിനും യാത്രാബലിക്കും ശേഷമാണ് അവസാനത്തെ ആറാട്ടെഴുന്നള്ളിപ്പിനായി വടക്കേനട ഇറങ്ങിയത്. ആറാട്ടിനുശേഷം പൂരം കൊട്ടിക്കയറി 21 പ്രദക്ഷിണം കഴിഞ്ഞ് ഭഗവതിയുടെ ഉത്സവധ്വജം താഴ്‌ത്തിവെച്ച് തിടമ്പ് മാതൃശാലയിലേക്ക് എഴുന്നള്ളിച്ചു.

ഭൂതഗണങ്ങളുടെ 11 ദിവസത്തെ പൂരത്തിനുശേഷം ഭഗവതിയുടെ കൊടിമരത്തിലെ കൊടിക്കൂറ പൂർണമായും ഇറക്കിവെക്കും.

പൂരത്തിനു സമാപനംകുറിച്ച് ട്രസ്റ്റി പ്രതിനിധിയും മലയരാജാവ് കലംപറമ്പിൽ ബാലനും തമ്മിൽ തെക്കേനടയിൽ കൂടിക്കാഴ്ച നടത്തി.