പ്രത്യേക പദ്ധതിയുമായി സർക്കാർ

കിറ്റ് വിതരണം ഇന്നുമുതൽ

ബെംഗളൂരു : കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ അടങ്ങിയ ‘ഐസോലേഷൻ കിറ്റ്’ വിതരണത്തിന് സർക്കാർപദ്ധതി. ശനിയാഴ്ചമുതൽ കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് മരുന്നുകിറ്റുകൾ ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രിയും കോവിഡ് കർമസമിതി മേധാവിയുമായ അശ്വത് നാരായൺ പറഞ്ഞു.

ആന്റിബയോട്ടിക് മരുന്നുകൾ, വിറ്റാമിൻ ഗുളികൾ, പനി, ജലദോഷം, ഛർദ്ദി തുടങ്ങിയവയ്ക്കുള്ള മരുന്നുകളാണ് കിറ്റിലുണ്ടാകുക. രോഗലക്ഷണങ്ങൾ രൂക്ഷമാകുകയാണെങ്കിൽ ഉപയോഗിക്കാനുള്ള സ്റ്റിറോയ്ഡ് മരുന്നുകളും നൽകും.

കോവിഡ് പരിശോധന കഴിഞ്ഞ രണ്ടോ മൂന്നോ ദിവസത്തിനു ശേഷമാണ് പരിശോധനാഫലം ലഭിക്കുന്നത്. ഈ സമയം വൈറസുകൾ മറ്റുള്ളവരിലേക്ക് അതിവേഗം പടരുന്ന ഘട്ടത്തിലെത്തിയിട്ടുണ്ടാകും. ആന്റി ബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ കഴിക്കുന്നതോടെ രോഗം പകരുന്നതിന്റെ തീവ്രത കുറയ്ക്കാൻ കഴിയും. ഒരുമണിക്കൂറിനുള്ളിൽ മരുന്നുകൾ വീട്ടിലെത്തിക്കാൻ പ്രത്യേകസംവിധാനം ഏർപ്പെടുത്തിയതായി ഉപമുഖ്യമന്ത്രി അറിയിച്ചു. മരുന്നുകിറ്റുകൾ എത്തിക്കുമ്പോൾ രോഗികൾക്ക് ആവശ്യമായ നിർദേശങ്ങളും നൽകും. നിലവിൽ അഞ്ചുലക്ഷം കിറ്റുകളാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ ഐസോലേഷനിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിക്കാനുള്ള പദ്ധതി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഓൺലൈൻ ടാക്‌സിസർവീസായ ഒലയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സമാനമായ രീതിയിൽ സ്വകാര്യ കമ്പനികളെക്കൂടി പങ്കാളികളാക്കി വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ്.

നിലവിൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള ഓക്സിജൻ കിടക്കകളുടെ എണ്ണമനുസരിച്ച് ആവശ്യത്തിന് ഓക്സിജൻ ലഭ്യമാണ്. ഇത്തരം കിടക്കകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് കൂടുതൽ ഓക്സിജൻ എത്തിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.