ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് ഭേദമായവരിൽ ബ്ലാക്ക് ഫംഗസ് പിടിപെടുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കായി 25,000 ഡോസ് ആംഫോട്ടെറിസിൻ-ബി അടിയന്തരമായി നൽകണമെന്ന് കേന്ദ്രത്തോട് കർണാടക സർക്കാർ ആവശ്യപ്പെട്ടു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനുമായി വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിലാണ് ആംഫോട്ടെറിസിൻ- ബി മരുന്ന് നൽകാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. ബെംഗളൂരുവിലും മൈസൂരുവിലും കോവിഡ് രോഗമുക്തി നേടിയവരിൽ ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ബ്ലാക്ക് ഫംഗസിനുള്ള പ്രധാന ചികിത്സാ മാർഗമാണ് ആംഫോട്ടെറിസിൻ- ബി മരുന്നിന്റെ കുത്തിവെപ്പ്. കോവിഡ ബാധിതരിൽ കൂടിയ അളവിൽ സ്റ്റിറോയ്ഡുകളും മറ്റും ഉപയോഗിക്കുന്നതിനാലാണ് ഇത്തരം ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യുന്നതെന്നും ഇതിന് പരിഹാരമായാണ് മരുന്നെത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.