ബെംഗളൂരു : നാടകക്കളരിയിലെ അനുഭവസമ്പത്തുമായി വെള്ളിത്തിരയിൽ പകർന്നാടി ദേശീയ അംഗീകാരം നേടിയെടുത്ത നടനാണ് സഞ്ചാരി വിജയ്. സഞ്ചാരി എന്നത് അദ്ദേഹം തട്ടകമാക്കിയ നാടകക്കളരിയുടെ പേരാണ്. ‘നാനു അവനല്ല, അവളു’ എന്ന സിനിമയിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണ് അദ്ദേഹം അംഗീകാരത്തിന്റെ കൊടുമുടികയറിയത്.

ദേശീയപുരസ്കാരത്തിന്റെ ശോഭയിൽ ബോളിവുഡിൽനിന്നടക്കം ഓഫറുകൾ വന്നിട്ടും വിജയ് ആഗ്രഹിച്ചത് ഒരു മലയാളസിനിമയിൽ അഭിനയിക്കാനാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകനായിരുന്നു. മമ്മൂട്ടിയും മോഹൻലാലുമൊക്കെ വേഷങ്ങൾ അനായാസമായി കൈകാര്യംചെയ്യുന്നത് താൻ കൊതിയോടെ ആസ്വദിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത്തരം വേഷങ്ങൾ ചെയ്ത്, പ്രബുദ്ധരായ മലയാളിപ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റണമെന്നായിരുന്നു ആഗ്രഹം. ‘‘മറ്റ് ദക്ഷിണേന്ത്യൻ ഭാഷാസിനിമകളെ അപേക്ഷിച്ച് മലയാള സിനിമയ്ക്ക് യഥാർഥ പ്രതിഭകളെ തിരിച്ചറിയാൻ കഴിവുണ്ട്’’ -ദേശീയപുരസ്കാരം നേടിയ വേളയിൽ ‘മാതൃഭൂമി’ക്കനുവദിച്ച അഭിമുഖത്തിൽ വിജയ് പറഞ്ഞു.

ബെംഗളൂരുവിൽ 2006-ൽ രൂപംകൊണ്ട സഞ്ചാരി എന്ന നാടകസമിതിയിലൂടെയാണ് വിജയ് എന്ന ചിക്കമഗളൂരുകാരൻ അഭിനയജീവിതം ആരംഭിച്ചത്. സഞ്ചാരിയുടെ പ്രധാന നടനായിരുന്നു വിജയ്. സാമൂഹികപ്രതിബദ്ധതയുള്ള ഒട്ടേറെ വിഷയങ്ങൾ കൈകാര്യംചെയ്ത നാടകങ്ങളിലൂടെ വിജയ് അരങ്ങിൽ തകർത്താടി. നാടകങ്ങളിലൂടെ അറിയപ്പെട്ടുതുടങ്ങിയതോടെ അദ്ദേഹം തന്റെ പേരിനൊപ്പം നാടകസമിതിയുടെ പേരായ ‘സഞ്ചാരി’ എന്നുകൂടി എഴുതിച്ചേർത്തു.

സഞ്ചാരിയുടെ ഒരു നാടകത്തിൽ വിജയ് അവതരിപ്പിച്ച സ്ത്രീവേഷം കണ്ടായിരുന്നു ട്രാൻസ്ജെൻഡർമാരുടെ കഥപറയുന്ന ‘നാനു അവനല്ല, അവളു’ എന്ന ചിത്രത്തിലേക്ക് സംവിധായകൻ ബി.എസ്. ലിംഗദേവരു വിജയിയെ ക്ഷണിച്ചത്. ഇതിലെ അഭിനയം വിജയിക്ക് നടൻ എന്ന നിലയിൽ ദേശീയഅംഗീകാരം നേടിക്കൊടുത്തു. ട്രാൻസ്ജെൻഡർമാരുമായി അടുത്തിടപഴകി അവരുടെ ശരീരഭാഷയും ചലനങ്ങളും വികാരപ്രകടനങ്ങളുമെല്ലാം കണ്ടുപഠിച്ചായിരുന്നു അദ്ദേഹം കഥാപാത്രത്തിന് ജീവൻനൽകിയത്. അതേവർഷം, അദ്ദേഹം അഭിനയിച്ച 'ഹരിവു' എന്ന കന്നഡചിത്രം മികച്ച പ്രാദേശികചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടുകയുമുണ്ടായി. വിജയ്‌യുടെ പുരസ്‌കാരനേട്ടം സഞ്ചാരിക്കും വലിയ പ്രശസ്തിയുണ്ടാക്കി. പ്രവർത്തനം തുടങ്ങി പത്തുവർഷത്തിനുള്ളിൽ വലിയൊരു അംഗീകാരം അവരുടെ സമിതിയിലെ പ്രധാന നടനെ തേടിയെത്തിയത് വലിയ മികവായി.ദുരിതപൂർണമായ ബാല്യവും കൗമാരവും കടന്നായിരുന്നു വിജയ് നാടകസമിതിയിൽ എത്തിയത്. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട വിജയ് ഉപജീവനമാർഗം തേടിയായിരുന്നു ബെംഗളൂരുവിലെത്തിയത്. നിത്യവൃത്തിക്കായി ഹോട്ടലുകളിലും ബേക്കറികളിലുമൊക്കെ ജോലിചെയ്തു. കിട്ടുന്ന പണം ഉപയോഗിച്ചു പഠിച്ച് കംപ്യൂട്ടർ എൻജിനിയറായി. ബെംഗളൂരുവിലെ ഒരു സ്വകാര്യകോളേജിൽ ജോലിയും ലഭിച്ചു. പക്ഷേ, അഭിനയമോഹം തലയ്ക്കു പിടിച്ചതോടെ ജോലിവിട്ടു. തുടർന്നായിരുന്നു സഞ്ചാരിയിലെ പകർന്നാട്ടങ്ങൾ. പിന്നീട് വെള്ളിത്തിരയിലും അദ്ദേഹം അഭിനയമികവിന്റെ പൊൻതൂവൽ ചാർത്തി.