ബെംഗളൂരു : കർണാടകത്തിലും കേരളത്തിലും തുളു ഔദ്യോഗിക ഭാഷയാക്കണമെന്നാവശ്യപ്പെട്ടുള്ള ട്വിറ്റർ കാമ്പയിന് വൻ പ്രതികരണം. ജയ് തുളുനാട് ഉൾപ്പെടെയുള്ള വിവിധ തുളു സംഘടനകളുടെ നേതൃത്വത്തിലാണ് കാമ്പയിൻ നടത്തിയത്. ‘തുളു ഒഫീഷ്യൽ ഇൻ കെ.എ.- കെ.എൽ.’ എന്ന ഹാഷ്ടാഗിൽ ഞായറാഴ്ച രാവിലെ ആറുമുതൽ രാത്രി 12 വരെയായിരുന്നു ട്വിറ്റർ കാമ്പയിൻ. രണ്ടരലക്ഷത്തിലേറെ ട്വീറ്റുകളാണ് തുളു ഔദ്യോഗികഭാഷയാക്കണമെന്ന വിഷയത്തിൽ വന്നത്.

കാമ്പയിനെ പിന്തുണച്ച് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ ഒട്ടേറെപ്പേർ രംഗത്തെത്തി.

തുളു ഭാഷയ്ക്ക് ഔദ്യോഗികപദവി വേണമെന്നുള്ള കാമ്പയിനെ പിന്തുണയ്ക്കുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും ദക്ഷിണ കന്നഡ എം.പി.യുമായ നളിൻകുമാർ കട്ടീൽ ട്വീറ്റുചെയ്തു. തുളു മാതൃഭാഷയാണെന്നും ഔദ്യോഗിക പദവി ലഭിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണെന്നും വേദവ്യാസ കാമത്ത് എം.എൽ.എ. ട്വീറ്റുചെയ്തു. സമ്പന്നമായ പാരമ്പര്യവും ചരിത്രപരവും സാംസ്കാരികപരവുമായ പ്രാധാന്യമുള്ളതുമായ ഭാഷയാണ് തുളുവെന്ന് ഡോ. വൈ. ഭരത് ഷെട്ടി പറഞ്ഞു.

ദക്ഷിണ കന്നഡയിലും കേരളത്തിൽ കാസർകോട് ജില്ലയുടെ ചില ഭാഗങ്ങളിലും തുളുഭാഷ സംസാരിക്കുന്നവർ ഒട്ടേറെയുണ്ട്.