ബെംഗളൂരു : നഗരത്തിൽ പ്രായപൂർത്തിയായവരിൽ മൂന്നിലൊന്നാളുകൾക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകിയെന്ന് കോർപ്പറേഷൻ. ഈ മാസം 13 വരെയുള്ള കണക്കനുസരിച്ച് 38.35 ലക്ഷം പേർക്കാണ് നഗരത്തിൽ വാക്സിൻ നൽകിയത്. പ്രായപൂർത്തിയായവരുടെ 34 ശതമാനമാണിത്. ജൂലായ് മാസത്തോടെ 50 ശതമാനം പേരിലേക്കെങ്കിലും വാക്സിനെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോർപ്പറേഷൻ കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ഇതിനായി പ്രതിദിനം ഒരുലക്ഷത്തോളം ആളുകൾക്ക് വാക്സിൻ നൽകേണ്ടതുണ്ട്.

18 വയസ്സ് കഴിഞ്ഞ 1.1 കോടിയാളുകൾ നഗരത്തിലുണ്ടെന്നാണ് കോർപ്പറേഷന്റെ കണക്ക്. ഇതിൽ 6.6 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിനുകളും ലഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ വാക്സിനെടുത്തവരാണ് ഇതിൽ ഭൂരിഭാഗവും. നഗരത്തിന് പുറത്തുള്ള സെന്ററുകളിൽ സ്ലോട്ട് ബുക്കുചെയ്ത് കുത്തിവെപ്പെടുത്തവർ ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. യുവാക്കൾക്കുള്ള വാക്സിൻ വിതരണം തുടങ്ങിയശേഷം നഗരത്തിൽ സ്ലോട്ട് ലഭ്യമാകാത്തതിനെത്തുടർന്ന് ആയിരക്കണക്കിനാളുകളാണ് ബെംഗളൂരു റൂറൽ, ചിക്കബെല്ലാപുര, രാമനഗര തുടങ്ങിയ ജില്ലകളിൽനിന്ന് വാക്സിനെടുത്തത്. നിലവിൽ നഗരത്തിൽ ശരാശരി 85,000 പേർക്കാണ് ഒരുദിവസം കുത്തിവെപ്പെടുക്കുന്നത്. ജൂലായോടെ പകുതിയോളം പേർക്ക് വാക്സിനേഷൻ നൽകുകയെന്ന ലക്ഷ്യം പൂർത്തിയാക്കണമെങ്കിൽ ദിവസം 15,000 കുത്തിവെപ്പുകൾ കൂടുതലായി നടത്തണം. മൂന്നാംഘട്ട വ്യാപനം തടയുന്നതിന് വാക്സിനേഷന്റെ വേഗത വർധിപ്പിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിക്കാനുള്ള പദ്ധതികൾ കോർപ്പറേഷൻ ആവിഷ്കരിച്ചുവരുകയാണ്. ചേരിപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും തൊഴിലാളി ക്യാമ്പുകളിൽ കഴിയുന്നവർക്കുമായി വാക്സിനേഷൻ ക്യാമ്പ് നടത്താനും തീരുമാനമുണ്ട്. തൊഴിലാളി ക്യാമ്പുകളിലെ വാക്സിനേഷൻ തുടങ്ങിയെങ്കിലും വാക്സിന്റെ ലഭ്യതക്കുറവ് കാരണം ചേരിപ്രദേശങ്ങ ളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കോർപ്പറേഷന് കഴിഞ്ഞിട്ടില്ല.