ബെംഗളൂരു : ദേശീയ ചലച്ചിത്ര പുരസ്കാരജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് ബൈക്കപകടത്തിൽപ്പെട്ട് അതീവ ഗുരുതരാവസ്ഥയിൽ. അദ്ദേഹത്തിന് മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഇപ്പോൾ ബെംഗളൂരുവിലെ അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ശനിയാഴ്ച രാത്രി 11.45-നാണ് വിജയ് (38) അപകടത്തിൽപ്പെട്ടത്. മരുന്നുവാങ്ങാനായി സുഹൃത്തിനൊപ്പം പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് റോഡിൽതെന്നി വൈദ്യുതത്തൂണിലിടിക്കുകയായിരുന്നു. അപകടത്തിൽ വിജയിന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. ആശുപത്രിയിൽ ന്യൂറോ ഐ.സി.യു.വിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ബെംഗളൂരുവിലെ ജെ.പി.നഗറിലാണ് വിജയും സുഹൃത്ത് നവീനും അപകടത്തിൽപ്പെട്ടത്. നവീനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. ഇദ്ദേഹത്തിെന്റ പരിക്ക് സാരമുള്ളതല്ല. വിജയ്‌യുടെ അവയവങ്ങൾ ദാനംചെയ്യുന്നതിനുള്ള നടപടികൾ ബന്ധുക്കൾ വഴി സ്വീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

2015-ൽ ‘നാനു അവനല്ല, അവളു’ എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയിയ്ക്ക് മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിച്ചത്. ബി.എസ്. ലിംഗദേവരു സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു ട്രാൻസ്ജൻഡർ കഥാപാത്രത്തിനാണ് അദ്ദേഹം ജീവൻപകർന്നത്.

അതേവർഷം അദ്ദേഹം അഭിനയിച്ച ഹരിവു എന്ന ചിത്രം മികച്ച പ്രാദേശികചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്തിരുന്നു. ഏതാനും തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും വിജയ് അഭിനയിച്ചിട്ടുണ്ട്.

കന്നഡ നാടകവേദിയിൽ കഴിവുതെളിയിച്ചശേഷം വെള്ളിത്തിരയിലെത്തിയ നടനാണ് സഞ്ചാരി വിജയ്. പേരിനൊപ്പമുള്ള സഞ്ചാരി എന്നത് അദ്ദേഹത്തിന്റെ നാടകസമിതിയുടെ പേരാണ്.

2006-ൽ ബെംഗളൂരുവിൽ രൂപംകൊണ്ട ഈ നാടകസമിതിയിലൂടെയാണ് വിജയ് അഭിനയജീവിതം ആരംഭിക്കുന്നത്. ചിക്കമഗളൂരുവിലെ കഡൂർ സ്വദേശിയാണ്. 2011-ൽ പുറത്തിറങ്ങിയ രംഗപ്പ ഹോഗ്ബിട്‌ന എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. അതിനുമുമ്പ് രാമ രാമ രഘുരാമ എന്ന ചിത്രത്തിൽ ചെറിയവേഷം ചെയ്തിരുന്നു.

2016-ൽ രാം ഗോപാൽവർമയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കില്ലിങ് വീരപ്പൻ എന്ന ചിത്രത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വേഷത്തിലും അദ്ദേഹം തിളങ്ങി. കന്നഡയിൽ 20-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടു ചിത്രങ്ങളുടെ അണിയറ പ്രവർത്തനം നടന്നുവരികയായിരുന്നു.