ബെംഗളൂരു : ബ്രാഹ്മണർക്കെതിരേ പരാമർശം നടത്തിയ നടൻ ചേതനെ യു.എസിലേക്ക് നാടുകടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.). അമേരിക്കൻ പൗരത്വമുള്ള ചേതനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസിന് (എഫ്.ആർ.ആർ.ഒ.) പരാതി സമർപ്പിച്ചു. സാമൂഹികമാധ്യമംവഴി ചേതൻ ബ്രാഹ്മണ സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്നതായി വി.എച്ച്.പി. നേതാവ് ഗിരീഷ് ഭരദ്വാജ് പറഞ്ഞു. അമേരിക്കൻപൗരത്വമുള്ള ചേതൻ ബെംഗളൂരുവിൽ താത്കാലികമായി താമസിക്കുകയാണെന്നും രാജ്യത്തിന്റെ സാമൂഹിക ഐക്യം നശിപ്പിക്കുന്നവിധം സമുദായങ്ങളുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും ഗിരീഷ് ഭരദ്വാജ് പറഞ്ഞു.

‘‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ സത്തയ്ക്ക് എതിരാണ് ബ്രാഹ്മണിസം. എല്ലാവരും തുല്യരായി ജനിക്കുന്നു. എന്നിട്ടും ബ്രാഹ്മണർമാത്രം ഉന്നതരും ബാക്കിയുള്ളവർ താഴ്ന്നവരുമായി പരിഗണിക്കുന്നത് തികഞ്ഞ അസംബന്ധമാണ്. ബ്രാഹ്മണിസത്തെ ഉന്മൂലനം ചെയ്യണം’’ -എന്നായിരുന്നു ചേതന്റെ ട്വീറ്റ്. ബ്രാഹ്മണർക്കെതിരേ പരാമർശം നടത്തിയെന്ന പരാതിയിൽ ചേതനെതിരേ പോലീസ് രണ്ടുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിപ്ര യുവ വേദികെ പ്രസിഡന്റ് പവൻകുമാർ ശർമയുടെ പരാതിയെത്തുടർന്നാണ് ബസവനഗുഡി പോലീസ് കേസെടുത്തത്. കർണാടക ബ്രാഹ്മിൺ വികസനബോർഡും ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.