ബെംഗളൂരു : ദാവണഗെരെയിൽ ദേശീയപാത 50-ൽ കാർ ഡിവൈഡറിലിടിച്ച് ഏഴുപേർ മരിച്ചു.

വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ ജാഗലുർ താലൂക്കിലെ കനനകട്ടെ ഗ്രാമത്തിലായിരുന്നു അപകടം. യാദ്ഗിർ ജില്ലയിലെ ഷഹാപുർ സ്വദേശികളായ മല്ലൻഗൗഡ (22), സന്തോഷ് (21), സഞ്ജീവ് (20), ജയ്ഭീം (18), വിജയനഗർ ജില്ലയിലെ കുഡ്‌ലിഗി സ്വദേശികളായ സിദ്ധേഷ് (20), വേദമൂർത്തി (18), വിജയപുര തളിക്കോട്ടി സ്വദേശി രാഘു (23) എന്നിവരാണ് മരിച്ചത്.

ബെംഗളൂരുവിലെ സ്വകാര്യ സർവകലാശാലയിൽ കരാർജീവനക്കാരായ ഇവർ മകരസംക്രാന്തി ആഘോഷിക്കാൻ ബെംഗളൂരുവിൽനിന്ന് ഹോസപേടെ ഭാഗത്തേക്കുപോവുകയായിരുന്നു.

ആറുപേർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്. മൃതദേഹങ്ങൾ ജാഗലൂർ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം.

ദാവണഗെരെ എസ്.പി. സി.ബി. റിഷ്യന്തിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദർശിച്ചു. ജാഗലുർ റൂറൽ പോലീസ് കേസെടുത്തു.