ബെംഗളൂരു : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു. ഒരു ജില്ലയിലും രാഷ്ട്രീയ കൂടിച്ചേരലുകളും പ്രതിഷേധപരിപാടികളും ധർണയും നടത്തരുതെന്നും കോടതി നിർദേശിച്ചു. കോൺഗ്രസിന്റെ മേക്കേദാട്ട് പദയാത്രയ്ക്കെതിരേയുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് സുരാജ് ഗോവിന്ദരാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയത്. പദയാത്ര നിരോധിച്ച് ഉത്തരവിറക്കിയെന്ന് സർക്കാരും പദയാത്ര നിർത്തിവെച്ചതായി കെ.പി.സി.സി.യും കോടതിയെ അറിയിച്ചു.

കേസ് കോടതി പരിഗണിക്കാനെടുത്തപ്പോൾ പദയാത്ര നിർത്തിവെച്ചതായി കെ.പി.സി.സി.യുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിയുടെ നിരീക്ഷണത്തെ തുടർന്നും കോവിഡ് കേസുകൾ കൂടിവരുന്നതിനാലുമാണ് പദയാത്ര നിർത്തിയതെന്നും അറിയിച്ചു. അതേസമയം, മറ്റു രാഷ്ട്രീയ പാർട്ടികൾ കൂടിച്ചേരലുകൾ നിർത്തിയിട്ടില്ലെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പദയാത്ര നിരോധിച്ച് ഉത്തരവിറക്കിയെന്നും സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ കൂടിച്ചേരലുകളും പ്രതിഷേധങ്ങളും നിരോധിച്ചിട്ടുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയ കാര്യവും കോടതിയെ അറിയിച്ചു. കെ.പി.സി.സി.ക്കു വേണ്ടി സീനിയർ കൗൺസൽ ഉദയ് ഹൊല്ലയും സർക്കാരിനുവേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ സുബ്രമണ്യവും ഹാജരായി.

കോൺഗ്രസിന്റെ പദയാത്രയ്ക്കെതിരേ നാഗേന്ദ്ര പ്രസാദ് എന്നയാളാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോൾ പദയാത്രയ്ക്കെതിരേ നടപടി സ്വീകരിക്കാത്തതിന് സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

പദയാത്ര ഉൾപ്പെടെയുള്ള റാലികൾ അനുവദിക്കുന്നതെന്തിനെന്നും ഉചിതമായ നടപടി സ്വീകരിക്കാത്തതെന്താണെന്നും വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്ന് നിർദേശം നൽകുകയായിരുന്നു. സർക്കാർ ഇറക്കിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പദയാത്ര നിരോധിച്ച് സർക്കാർ ഉത്തരവിറക്കുകയും പദയാത്ര അവസാനിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുകയും ചെയ്തു.