ബെംഗളൂരു : ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണകർഫ്യൂ. കോവിഡ് മൂന്നാംതരംഗത്തെ പിടിച്ചുനിർത്താൻ കർണാടകത്തിൽ പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂവിന്റെ ഭാഗമായാണിത്.

നിയന്ത്രണങ്ങൾ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ പ്രാബല്യത്തിൽ വന്നു. തിങ്കളാഴ്ച രാവിലെ അഞ്ചുമണിവരെ തുടരും.

അവശ്യസേവനങ്ങളും അടിയന്തരയാത്രകളും അനുവദിക്കും. ബാക്കിയുള്ള സഞ്ചാരങ്ങൾ തടയും. ദീർഘദൂര ബസുകൾ, തീവണ്ടി, വിമാനം എന്നിവയുടെ യാത്രയ്ക്ക് തടസ്സമുണ്ടാകില്ല. കേരളത്തിലേക്കും തിരിച്ചുമുള്ള ആർ.ടി.സി. ബസുകൾ മുടങ്ങില്ല.

ബസ്‌സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും അവിടെനിന്ന് തിരികെയും പോകുന്ന യാത്രക്കാർക്കുവേണ്ടിയുള്ള ബസുകളും സ്വാകാര്യ വാഹനങ്ങളും ടാക്സിവാഹനങ്ങളും തടയില്ല. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്നു കഴിക്കാൻ അനുവദിക്കില്ല. ഭക്ഷണം വാങ്ങിക്കൊണ്ടുപോകാം. ഹോം ഡെലിവറിയും അനുവദിക്കും. ഭക്ഷണം, പലവ്യഞ്ജനം, പച്ചക്കറി, പഴങ്ങൾ, മത്സ്യം എന്നിവയുടെ കടകളും പാൽ ബൂത്തുകളും തുറക്കും. തെരുവുകച്ചവടക്കാരെയും തടയില്ല. പാർക്കുകൾ തുറക്കില്ല. ജനുവരി 31 വരെയുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണിത്. ഇതിനുപുറമെ ദിവസവും രാത്രി പത്തുമുതൽ രാവിലെ അഞ്ചുവരെ രാത്രി കർഫ്യൂവും നിലവിലുണ്ട്. നേരത്തെ ജനുവരി 19 വരെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കോവിഡ് വ്യാപനം വർധിച്ചതിനെത്തുടർന്ന് നീട്ടുകയായിരുന്നു.