ബെംഗളൂരു : തമിഴ്‌നാട്ടിലെ ധർമപുരിയിൽ കണ്ണൂർ-യശ്വന്തപുര എക്സ്‌പ്രസ് തീവണ്ടി പാളംതെറ്റിയ സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താതെ അന്വേഷണറിപ്പോർട്ട്. ധർമപുരി ജില്ലയിലെ ശിവാഡി റെയിൽവേ സ്റ്റേഷനും മുത്തംപട്ടി റെയിൽവേ സ്റ്റേഷനുമിടയിൽ നവംബർ 12-നായിരുന്നു അപകടം.

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കുമുകളിൽ പാറക്കല്ലുകൾ വീണതിനെത്തുടർന്ന് ഏഴുകോച്ചുകൾ പാളംതെറ്റുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.

പ്രകൃതിപ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ അപകടമാണിതെന്നും ഒരുദ്യോഗസ്ഥരും ഇതിൽ കുറ്റക്കാരല്ലെന്നുമാണ് ദക്ഷിണ-പശ്ചിമ റെയിൽവേ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. തീവണ്ടിപ്പാളമുള്ള സ്ഥലത്തിനുമുകളിലെ മണ്ണിടിഞ്ഞ് പാറക്കല്ലുകൾ ഉരുണ്ടുവന്നതാണ് അപകടകാരണമായത്.

മലയോരപ്രദേശമായ ഇവിടെ തുടർച്ചയായി മഴപെയ്തിരുന്നു. എൻജിനും നാലു കോച്ചുകളും കടന്നുപോയപ്പോഴാണ് പാറക്കല്ലുകൾ ഉരുണ്ടുവന്നത്. റെയിൽവേയുടെ ഒരുദ്യോഗസ്ഥനും ഇതിൽ ഉത്തരവാദിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെയും സിവിൽ എൻജിനിയറിങ് വിഭാഗത്തിലെയും ട്രാഫിക് വിഭാഗത്തിലെയും തലവന്മാരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

അതേസമയം, അപകടസ്ഥലത്തെ ഓവുചാലുകൾ നന്നാക്കാത്തതിന് ഏതാനും ജീവനക്കാരുടെ പേരിൽ നടപടിയെടുക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. എന്നാൽ, ഇവർ അപകടത്തിന് നേരിട്ട് ഉത്തരവാദികളല്ല. അപകടത്തിൽ റെയിൽവേയ്ക്കുണ്ടായ നഷ്ടം ആരിൽനിന്നും ഈടാക്കാനാകില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.