ബെംഗളൂരു : മീ ടൂ ആരോപണക്കേസിൽ തെന്നിന്ത്യൻ നടൻ അർജുൻ സർജയെ കുറ്റവിമുക്തനാക്കി പോലീസ് നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തെന്നിന്ത്യൻ സിനിമകളിൽ സജീവമായ ഒരു മലയാളി നടിയാണ് അർജുൻ സർജയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചത്.

2018 ഒക്ടോബറിൽ നടി സാമൂഹികമാധ്യമത്തിലൂടെയായിരുന്നു ആരോപണം ഉന്നയിച്ചത്. പോലീസിൽ പരാതിയും നൽകി. `വിസ്മയ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അർജുൻ സർജ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. ഇതിനുപിന്നാലെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയിരുന്നു. നടിയ്ക്കെതിരേ അർജുൻ സർജ അഞ്ചുകോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുകയും ചെയ്തിരുന്നു.

കേസന്വേഷിച്ച കബ്ബൺ പാർക്ക് പോലീസ് അർജുൻ സർജയെ കുറ്റവിമുക്തനാക്കി കഴിഞ്ഞ നവംബർ 30-ന് ബെംഗളൂരുവിലെ എട്ടാം അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ആരോപണത്തെ സാധൂകരിക്കുന്ന തെളിവില്ലെന്ന്‌ പറഞ്ഞാണ് റിപ്പോർട്ട് നൽകിയത്. ഇതാണ് കോടതി അംഗീകരിച്ചത്.