ബെംഗളൂരു : കേരളത്തിൽ ജനിച്ച് സിവിൽസർവീസ് ഉദ്യോഗസ്ഥനായി കർണാടകത്തിലെത്തി പൊതുമണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് മുൻ കർണാടക ചീഫ് സെക്രട്ടറിയും മുൻ മന്ത്രിയുമായ ഡോ. ജെ. അലക്സാണ്ടർ വിട പറയുന്നത്. ചീഫ് സെക്രട്ടറി പദത്തിൽനിന്ന് വിരമിച്ചശേഷം എം.എൽ.എ.യായും മന്ത്രിയായും കർണാടകത്തിന്റെ പൊതുരംഗത്തും രാഷ്ട്രീയരംഗത്തും നിറഞ്ഞുനിൽക്കാൻ അദ്ദേഹത്തിനായി.

1963-ൽ കർണാടക ഐ.എ.എസ്. കേഡറിൽ ഉദ്യോഗസ്ഥനായെത്തിയ ജെ. അലക്സാണ്ടർ ഇവിടെ വിവിധ വകുപ്പുകളിലായി 33 വർഷം ജോലി ചെയ്തു. ചീഫ് സെക്രട്ടറിയായിരിക്കെ, ബെംഗളൂരു വികസന അതോറിറ്റിയുടെ ചെയർമാൻ ചുമതലയും വഹിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുമ്പോഴും അതിനു ശേഷവും ബെംഗളൂരുവിലെ മലയാളികളുടെ അത്താണിയായിരുന്നു ജെ. അലക്സാണ്ടർ. കർണാടകത്തിന്റെ രാഷ്ട്രീയരംഗത്ത് നിറഞ്ഞുനിന്നപ്പോഴും മലയാളികളുമായും മലയാളി സംഘടനകളുമായും അടുത്തബന്ധം പുലർത്തിയിരുന്നു. അദ്ദേഹം ബെംഗളൂരു വികസന അതോറിറ്റിയുടെ ചെയർമാനായ സമയത്താണ് ബെംഗളൂരു ഈസ്റ്റ് കൾച്ചറൽ അസോസിയേഷന് കെട്ടിടം നിർമിക്കാൻ സ്ഥലം അനുവദിച്ചു കിട്ടിയത്. പിന്നീട് അദ്ദേഹം അസോസിയേഷന്റെ രക്ഷാധികാരിയുമായി. ബെംഗളൂരുവിലെ ശ്രീനാരായണ സമിതിക്ക് സ്ഥലം ലഭ്യമായതും അദ്ദേഹത്തിന്റെ ഇടപെടലിലൂടെയാണ്.

ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ച ശേഷം അദ്ദേഹം ബെംഗളൂരുവിലെ പൊതുരംഗത്ത് കൂടുതൽ സജീവമായി. ബെംഗളൂരു കേരളസമാജത്തിലൂടെയായിരുന്നു സംഘടനാരംഗത്ത് തുടക്കമിട്ടത്. എം.എൽ.എ.യാകുന്നതിനുമുമ്പ് അഞ്ചുവർഷം കേരള സമാജത്തിന്റെ പ്രസിഡന്റായി. മൂന്ന് പതിറ്റാണ്ട് ബെംഗളൂരു വൈ.എം.സി.എ.യുടെ പ്രസിഡന്റായ അലക്സാണ്ടർ വൈ.എം.സി.എ.യുടെ അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തി. ബെംഗളൂരു മലയാളികളുടെ ഒട്ടേറെ സംഘടനകളുടെ രക്ഷാധികാരിയായി.

കോളേജ് പഠനകാലത്തുണ്ടായ കെ.എസ്.യു. ബന്ധമാണ് അലക്സാണ്ടറെ കർണാടകത്തിലെ കോൺഗ്രസിലേക്ക് അടുപ്പിച്ചത്. കൊല്ലം എസ്.എൻ. കോളേജിൽ പഠിക്കുമ്പോൾ അദ്ദേഹം വയലാർ രവിയുമായി അടുത്തബന്ധം പുലർത്തിയിരുന്നു. കർണാടകത്തിലെ കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി അടുപ്പം പുലർത്തിയ അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് മന്ത്രിയായി.

ബെംഗളൂരു ഡി.സി.സി. പ്രസിഡന്റായിരുന്ന അലക്സാണ്ടർ അടുത്തകാലം വരെ കെ.പി.സി.സി. വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു. കോളേജധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം അടുത്തകാലംവരെ പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിസിറ്റിങ് പ്രൊഫസറായി എത്തിയിരുന്നു.