ബെംഗളൂരു : ബെംഗളൂരുവിൽ കെട്ടിടങ്ങൾ തകരുന്നത് തുടർക്കഥയാകുന്നു. ചൊവ്വാഴ്ച രാത്രി മഹാലക്ഷ്മി ലേഔട്ട് കമല നഗറിലെ എൻ.ജി.ഒ. കോളനിയിൽ നാലുനില കെട്ടിടത്തിന്റെ സുരക്ഷാമതിലും അടിത്തറയും തകർന്നു. താമസക്കാരെ ഒഴിപ്പിച്ചശേഷം ബുധനാഴ്ച ബി.ബി.എം.പി. അധികൃതരെത്തി കെട്ടിടം പൂർണമായും പൊളിച്ചുനീക്കി.

കെട്ടിടത്തിലുണ്ടായിരുന്നവരിൽ ചിലരെ ബന്ധുവീടുകളിലേക്കും സർക്കാർ സ്കൂളുകളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്. താമസക്കാരെ കൃത്യസമയത്ത് ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മഴയെത്തുടർന്ന് പാർപ്പിടസമുച്ചയത്തോടുചേർന്ന സംരക്ഷണമതിൽ തകർന്നതോടെ അടിത്തറയിലെ മണ്ണ് പൂർണമായും ഒലിച്ചുപോവുകയായിരുന്നു.

കെട്ടിടത്തിന്റെ അടിത്തറയിളകുന്നതിന്റെ ശബ്ദം കേട്ട ഉടനെ താമസക്കാർ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് ബി.ബി.എം.പി. അറിയിച്ചു. അപകടഭീഷണിയിലായ മറ്റൊരു കെട്ടിടവും പൊളിച്ചുനീക്കി. അഴുക്കുചാലിനോടുചേർന്ന് കെട്ടിയുയർത്തിയ സംരക്ഷണമതിലിലാണ് ഈ കെട്ടിടങ്ങൾ സ്ഥിതിചെയ്തിരുന്നത്. നിയമം ലംഘിച്ചാണ് കെട്ടിടം നിർമിച്ചതെന്നാണ് പ്രാഥമികനിഗമനം.

കെട്ടിടം കാലപ്പഴക്കംചെന്നതാണെന്നും സുരക്ഷിതമല്ലെന്നും കണ്ടെത്തി നേരത്തേ നോട്ടീസ് നൽകിയിരുന്നു. കെട്ടിടമുടമയായ രാജേശ്വരി ഒരുവർഷമായി ഒളിവിലാണെന്നും മുൻകൂർതുക വാങ്ങിയാണ് ആളുകളെ താമസിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.

പാർപ്പിടസമുച്ചയത്തിലെ എട്ടുഫ്ലാറ്റുകളിൽ താമസിച്ചിരുന്നവരിൽ ഭൂരിഭാഗം പേരും വീടൊഴിയാൻ നിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മഹാലക്ഷ്മി ലേഔട്ട് എം.എൽ.എ. കെ. ഗോപാലയ്യ, ബി.ബി.എം.പി. ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ഉടമയെ കണ്ടെത്താൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ടെന്ന് കെ. ഗോപാലയ്യ പറഞ്ഞു.

നഗർത്‌പേട്ടിൽ വീടുതകർന്നു

ബുധനാഴ്ച പുലർച്ചെ നഗർത്‌പേട്ടിലെ പി.വി.എൻ. ലെയ്‌നിലെ കാലപ്പഴക്കംചെന്ന ഒറ്റനിലവീടിന്റെ ചുമരും തകർന്നുവീണു. ആൾത്താമസമില്ലാത്ത വീടിന്റെ ചുമരാണ് തകർന്നത്. 70 വർഷത്തിലധികം പഴക്കമുള്ള വീട്ടിൽ ആറുവർഷമായി ആരും താമസിച്ചിരുന്നില്ല. മൂന്നാഴ്ചയ്ക്കിടെ ബെംഗളൂരു നഗരത്തിൽ നാലിടത്താണ് കെട്ടിടം തകർന്നത്.