മൈസൂരു : ദസറയ്ക്ക് സമാപനംകുറിച്ചുള്ള ഘോഷയാത്ര നടക്കുന്ന വെള്ളിയാഴ്ച മൈസൂരു കൊട്ടാരത്തിനുചുറ്റും ഗതാഗത നിയന്ത്രണമേർപ്പെടുത്തി. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് നിയന്ത്രണം. ബെംഗളൂരു-നീലഗിരി റോഡ്, പുരന്ദര റോഡ്, സയ്യാജിറാവു റോഡ്, ആൽബർട്ട് വിക്ടർ റോഡ് എന്നീ റോഡുകളിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. കൂടാതെ കൊട്ടാരത്തിനുചുറ്റും വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതും നിരോധിച്ചു.

രാജകുടുംബാംഗങ്ങൾ, വി.ഐ.പി.കൾ, ദസറ ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് നിയന്ത്രണം ബാധകമല്ല. കൂടാതെ കെ.എസ്.ആർ.ടി.സി. ബസുകളെയും നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എച്ച്.ഡി. കോട്ട ഭാഗത്തുനിന്ന് എത്തുന്ന ബസുകൾ മാനന്തവാടി റോഡ്, എൻ.ഐ.ഇ. കോളേജ് ജങ്‌ഷൻ, ജെ.എൽ.ബി. റോഡ്, റേസ് കോഴ്‌സ് സർക്കിൾ വഴി ബസ് സ്റ്റാൻഡിലെത്തണം.

ഹുൻസൂർ, മടിക്കേരി, ഹാസൻ ഭാഗത്തുനിന്നുള്ള ബസുകൾ മൈസൂരു-ഹുൻസൂർ റോഡ്, മെട്രോപോൾ ഹോട്ടൽ സർക്കിൾ, ചാമരാജ ഡബിൾ റോഡ്, ഗൺഹൗസ് സർക്കിൾ, നഞ്ചൻകോട് റോഡ് വഴിയാണ് സ്റ്റാൻഡിൽ എത്തേണ്ടത്. ബന്നൂർ, ടി. നർസിപുർ, മലവള്ളി ഭാഗത്തുനിന്ന് വരുന്ന ബസുകൾ മാലെ മഹാദേശ്വര റോഡ്, ഡയറി സർക്കിൾ, ഗോപാലഗൗഡ സർക്കിൾ, റാണി ചെന്നമ്മ സർക്കിൾ വഴി സ്റ്റാൻഡിലെത്തണം. നഞ്ചൻകോട്, ചാമരാജനഗർ, ഗുണ്ടൽപേട്ട് ഭാഗത്തുനിന്നുള്ള ബസുകൾ നഞ്ചൻകോട് റോഡ്, ഗണപതി സച്ചിദാനന്ദ സർക്കിൾ, രാജഹംസ സർക്കിൾ, ട്രക്ക് ടെർമിനൽ, റേസ് കോഴ്‌സ് സർക്കിൾ, ഗോപാലഗൗഡ സർക്കിൾ, റാണി ചെന്നമ്മ സർക്കിൾ വഴിയാണ് സ്റ്റാൻഡിൽ എത്തേണ്ടത്.