ബെംഗളൂരു : മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്രയെ ബൊമ്മെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് യെദ്യൂരപ്പയുടെ മറ്റൊരുമകനും എം.പി.യുമായ ബി.വൈ. രാഘവേന്ദ്ര. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം വിജയേന്ദ്ര സംഘടനാ പ്രവർത്തനത്തിൽ ഏർപ്പെട്ടുവരികയാണ്.

താൻ ദേശീയരാഷ്ട്രീയത്തിൽ തുടരുമെന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്കില്ലെന്നും രാഘവേന്ദ്ര പറഞ്ഞു. ശിവമൊഗ ലോക്‌സഭാമണ്ഡലത്തിൽനിന്ന്‌ രണ്ടാംതവണ എം.പി.യായ നേതാവാണ് രാഘവേന്ദ്ര. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ രാജിവെക്കുന്നതിന് വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടതായി സൂചനയുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് വിജയേന്ദ്ര നിഷേധിക്കുകയും തനിക്ക് പാർട്ടി നൽകിയ ചുമതല വഹിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞിരുന്നു.