ബെംഗളൂരു : ഉത്തരകന്നഡ ജില്ലയിലെ അർബാലിയിൽ രാസവസ്തുവുമായിപ്പോയ ടാങ്കർ മറിഞ്ഞ് വൻ തീപ്പിടിത്തമുണ്ടായി. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴരയോടെ അംഗോളയ്ക്കും യെയ്യാപുരിനും ഇടയിലായിരുന്നു അപകടം. റോഡിനുസമീപത്തെ കുറ്റിച്ചെടികളിലേക്ക് തീ പടർന്നു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

എം.ആർ.പി.എലിന്റെ ഉപകമ്പനിയായ ഒ.എ.പി.എലിൽനിന്ന് ബെൻസൈനുമായി ഗുജറാത്തിലെ പെയിന്റ് കമ്പനിയിലേക്കു പോയ ടാങ്കറാണ് മറിഞ്ഞത്. ജില്ലാ ഭരണകൂടം എം.ആർ.പി.എൽ. അധികൃതരുമായി ബന്ധപ്പെട്ടശേഷം രാസവസ്തു നിർവീര്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ബാക്കി വന്ന രാസവസ്തു കൊണ്ടുപോകാൻ പകരം വാഹനവും ഏർപ്പെടുത്തി. കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്ന് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം കമ്മിഷണർ മനോജ് രഞ്ജൻ പറഞ്ഞു.