ബെംഗളൂരു : നാട്ടുകാരും പോലീസും സഹകരിച്ചപ്പോൾ കണ്ണൂരിൽനിന്ന് എസ്.എം.എ. രോഗം ബാധിച്ച കുഞ്ഞിനെ ബെംഗളൂരുവിലെത്തിച്ചത് നാലുമണിക്കൂർ കൊണ്ട്. മുഴുപ്പിലങ്ങാട് സ്വദേശി മുഹമ്മദ് റാഷിദിന്റെയും ഫാത്തിമയുടെയും ഒമ്പതു മാസം പ്രായമുള്ള ഇനാറ മറിയം എന്ന കുട്ടിയുമായി ബുധനാഴ്ച രാവിലെ 11-നാണ് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽനിന്ന് കെ.എം.സി.സി.യുടെ ആംബുലൻസ് പുറപ്പെട്ടത്. മട്ടന്നൂർ, ഇരിട്ടി, മാക്കൂട്ടം, ഗോണിക്കുപ്പ, ഹുൻസൂർ വഴി ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ മൂന്നു മണിക്ക് മുന്നേ എത്തിക്കുക എന്ന ദൗത്യമാണ് ബെംഗളൂരു കെ.എം.സി.സി. പ്രവർത്തകർ വിജയകരമായി പൂർത്തിയാക്കിയത്.

ഓക്‌സിജന്റെ അളവ് തീരുന്നതിന് മുമ്പേ കുട്ടിയെ ബെംഗളൂരുവിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. കർണാടകത്തിൽ ആംബുലൻസ് വ്യൂഹം കടന്നുപോകുന്ന വഴികളിൽ പോലീസ് സീറോ ട്രാഫിക് ഒരുക്കി. കൃത്യം മൂന്നു മണിക്ക് കുട്ടിയുമായി ആംബുലൻസ് ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ എത്തി. മുമ്പും ഇത്തരം ദൗത്യം ഏറ്റെടുത്തിട്ടുള്ള ഡ്രൈവർ ഹനീഫ ആണ് ആംബുലൻസ് ഓടിച്ചത്. കേരളത്തിലെയും കർണാടകത്തിലെയും പോലീസിന്റെയും സർക്കാരിന്റെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് ദൗത്യം പൂർത്തീകരിക്കാൻ സാധിച്ചതെന്ന് കെ.എം.സി.സി. സെക്രട്ടറി എം.കെ. നൗഷാദ് പറഞ്ഞു.