ബെംഗളൂരു : കർണാടകത്തിന്റെ അതിർത്തിജില്ലകളിൽ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ദസറയ്ക്കുശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

അതിർത്തിജില്ലകളിൽ നിലവിലുള്ള സ്ഥിതിഗതികളെപ്പറ്റി വിലയിരുത്താൻ ദസറയ്ക്കുശേഷം വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിക്കും. തുടർന്ന് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബുധനാഴ്ച മംഗളൂരു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് നിയന്ത്രണങ്ങളുള്ളത്. കേരളത്തിൽനിന്നു വരുന്നവർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖയുണ്ടെങ്കിലും ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേരളത്തിന്റെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് നടക്കുന്നത്. ഇതിൽ കർണാടകം മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് അന്തസ്സംസ്ഥാന യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് വേണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശത്തിൽ പറയുന്നത്. പക്ഷേ, കർണാടകം ഇതംഗീകരിക്കാൻ തയ്യാറായില്ല. കേരളത്തിൽ കോവിഡ് വ്യാപനം ഉയർന്നുനിൽക്കുന്ന കാരണം പറഞ്ഞായിരുന്നു ഇത്. ഇപ്പോൾ കേരളത്തിൽ രോഗവ്യാപനം കുറഞ്ഞതിനാൽ തീരുമാനം മാറ്റുമോയെന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.