ബെംഗളൂരു : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാറും നിയമസഭാ സമ്മേളനത്തിനെത്തിയത് കാളവണ്ടിയിൽ. നിയമസഭാ സമ്മേളനം തുടങ്ങിയ തിങ്കളാഴ്ച കാർ ഒഴിവാക്കിയാണ് നേതാക്കൾ വിധാൻസൗധയിലേക്ക്‌ കാളവണ്ടിയിലെത്തിയത്.

രാവിലെ ഒമ്പതരയോടെ ഇരു നേതാക്കളും ബെംഗളൂരുവിലെ വസതിയിൽനിന്ന് കാളവണ്ടിയിൽ യാത്ര തിരിച്ചു. കാളയുടെ കയറും ചാട്ടവാറും കൈയിലേന്തിയായിരുന്നു യാത്ര. ഇരുനേതാക്കൾക്കുമൊപ്പം ബി.ജെ.പി.ക്കെതിരേ മുദ്രാവാക്യവുമായി പ്രവർത്തകരും അനുഗമിച്ചു. രണ്ടു പേരുടെയും യാത്ര വിധാൻസൗധയ്ക്കു സമീപം സംഗമിച്ചു. തുടർന്ന് ഇരു നേതാക്കളും ഒരു കാളവണ്ടിയിൽ കയറി.

എം.എൽ.സി. എസ്.ആർ. പാട്ടീൽ, കെ.പി.സി.സി. വർക്കിങ് പ്രസിഡന്റുമാരായ ഈശ്വർ ഖൻെഡ്ര, രാമലിംഗറെഡ്ഡി തുടങ്ങിയവരും നേതാക്കളോടൊപ്പം ചേർന്നു. തടർന്ന് റാലിയായി വിധാൻ സൗധ കവാടത്തിലേക്ക് നീങ്ങി. നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടഞ്ഞു. കാളവണ്ടിയിൽ വിധാൻസൗധയിലെത്തരുതെന്ന് നിയമമില്ലെന്ന് സിദ്ധരാമയ്യ പോലീസിനോട് വാദിച്ചു. പോലീസ് അയഞ്ഞതോടെ കാളവണ്ടിയിൽ നേതാക്കൾ വിധാൻസൗധ വളപ്പിനുള്ളിലെത്തി. സഭാ സമ്മേളനം തുടങ്ങിയതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. ഇന്ധന വിലവർധനയ്ക്ക് പരിഹാരമുണ്ടാക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ബി.ജെ.പി. സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ കാരണം ജനം ദുരിതത്തിലായതായി ഡി.കെ. ശിവകുമാർ ആരോപിച്ചു.

കോൺഗ്രസ് പ്രതിഷേധിക്കേണ്ടിയിരുന്നത് യു.പി.എ. ഭരണകാലത്ത്-ബൊമ്മെബെംഗളൂരു : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നിയമസഭാ സമ്മേളനത്തിന് കാളവണ്ടിയിലെത്തിയ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. യു.പി.എ. കേന്ദ്രം ഭരിക്കുമ്പോൾ ഇന്ധനവില 100 ശതമാനം വർധിച്ചിരുന്നെന്നും അപ്പോഴാണ് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നതെങ്കിൽ കാര്യമുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു.