:മുഖ്യമന്ത്രിപദമൊഴിഞ്ഞശേഷമുള്ള ആദ്യത്തെ നിയമസഭാസമ്മേളനത്തിൽ സാധാരണ എം.എൽ.എ.യായി ബി.എസ്. യെദ്യൂരപ്പ പങ്കെടുക്കാനെത്തി. സാധാരണ എം.എൽ.എ.യായി സന്തോഷത്തോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ 2023-ലെ തിരഞ്ഞെടുപ്പിനുശേഷവും പ്രതിപക്ഷത്തുതന്നെയാണെന്ന് ഉറപ്പിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് യെദ്യൂരപ്പ പറഞ്ഞു. ബി.ജെ.പി.യെ വീണ്ടും അധികാരത്തിലെത്തിക്കാൻ മറ്റു നേതാക്കളോടൊത്ത് സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പ്രവർത്തിക്കും.

അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ വിജയിച്ചാൽ അദ്ദേഹത്തെ പ്രതിപക്ഷത്തുതന്നെ ഇരുത്തും -യെദ്യൂരപ്പ പറഞ്ഞു. ജൂലായ് 26-നാണ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചത്.