ബെംഗളൂരു : രാത്രികാല കർഫ്യൂ ലംഘിച്ച് ആഡംബരകാറിൽ അതിവേഗത്തിലും ബഹളംവെച്ചും നഗരം ചുറ്റിയ അഞ്ചുയുവാക്കളുടെപേരിൽ പോലീസ് കേസെടുത്തു. യുവാക്കളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ട്രാഫിക് പോലീസ് യുവാക്കളുടെപേരിൽ കേസെടുത്തത്.

നഗരത്തിലെ പ്രമുഖ വ്യവസായിയുടെ പേരിലുള്ള മേഴ്‌സിഡസ് ബെൻസ് കാർ ട്രാഫിക് പോലീസ് ഇയാളുടെ വീട്ടിലെത്തി പിടിച്ചെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളിൽ നിന്നാണ് കാർ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആഡംബര കാറിൽ അഞ്ചുയുവാക്കൾ ഉച്ചത്തിൽ പാട്ടുവെച്ചും പുറത്തേക്ക് തലയിട്ടും അതിവേഗത്തിൽ നഗരത്തിൽ കറങ്ങിയത്. രാത്രി കർഫ്യൂ നിലവിലുള്ളതിനാൽ മറ്റു വാഹനങ്ങളൊന്നും നിരത്തിലുണ്ടായിരുന്നില്ല.

കാറുടമയായ വ്യവസായിയുടെ അടുത്ത ബന്ധുവും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നതെന്നാണ് സൂചന. അഞ്ചുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ബെംഗളൂരു ഈസ്റ്റ് ട്രാഫിക് ഡി.സി.പി. കെ.എം. ശാന്തരാജു അറിയിച്ചു.

യുവാക്കൾ കാറിൽ കറങ്ങുന്ന ദൃശ്യങ്ങൾ സദാശിവനഗർ സ്വദേശിയായ വഴിയാത്രക്കാരനാണ് മൊബൈലിൽ പകർത്തിയത്. തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ദൃശ്യങ്ങൾ പ്രചരിച്ചതോടെ സാധാരണക്കാർക്കെതിരേ മാത്രമാണ് രാത്രികാല കർഫ്യൂ ലംഘനത്തിന് കേസെടുക്കുന്നതെന്നരീതിൽ ചർച്ചകളുയർന്നു. ഇതോടെയാണ് യുവാക്കൾക്കെതിരേ ട്രാഫിക് പോലീസ് നടപടിയെടുത്തത്.