സംഭവം ഒരുവർഷംമുമ്പ്,

നടപടി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന്

ബെംഗളൂരു : കർണാടകത്തിലെ യാദ്ഗിറിൽ സ്ത്രീയെ വിവസ്ത്രയാക്കി മർദിച്ച സംഭവത്തിൽ ഒരുവർഷത്തിനുശേഷം നാലുയുവാക്കൾ അറസ്റ്റിൽ. അതിക്രമത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സ്ത്രീയുടെ വസ്ത്രം കീറി നഗ്നയാക്കി മർദിക്കുന്നതിന്റെ വീഡിയോയാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. വീഡിയോയിലുൾപ്പെട്ട പ്രദേശ വാസികളായ നിഞ്ജരാജു (24), അയ്യപ്പ (23), ഭീമശങ്കർ (28), ശരണു (22) എന്നിവരാണ് അറസ്റ്റിലായത്.

ഒരുവർഷംമുമ്പാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. രണ്ടുമിനിറ്റിലധികമുള്ള വീഡിയോയിൽ നഗ്നയാക്കിയ സ്ത്രീയെ യുവാക്കൾ കരിമ്പിൻതണ്ടുകൊണ്ട് മർദിക്കുമ്പോൾ വിട്ടയക്കണമെന്ന് സ്ത്രീ യാചിക്കുന്നത് കാ ണാം. സംഘത്തിലെ ഒരാൾ അതിക്രമത്തിന്റെ ദൃശ്യം പകർത്തുന്നതും കാണാം.

യാദ്ഗിറിലെ ഷഹാപുരയിലാണ് സംഭവം നടന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. സി.ബി. വേദമൂർത്തി പറഞ്ഞു. സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പിടിയിലായ നിഞ്ജരാജു ഓട്ടോറിക്ഷാഡ്രൈവറാണ്. പെട്രോൾ പമ്പ് ജീവനക്കാരനാണ് അയ്യപ്പ. ഭീമശങ്കർ പാൻ ഷോപ്പ് നടത്തുന്നയാളും ശരണു തെരുവുകച്ചവടക്കാരനുമാണ്. സ്ത്രീയോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിനുകാരണമെന്ന് പോലീസ് പറഞ്ഞു.