ആർ. റോഷൻ

കൊച്ചി

: ക്യു.ആർ. കോഡ് അധിഷ്ഠിത യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫെയ്‌സ് (യു.പി.ഐ.) ഇന്ത്യക്കു പുറത്തേക്കുള്ള ഇടപാടുകളിലേക്കും വിദേശങ്ങളിലുള്ള യു.പി.ഐ. ഇടപാടുകൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കാനുള്ള പരിശോധനയ്ക്ക് റിസർവ് ബാങ്ക് പട്ടിക തയ്യാറാക്കി. ‘ക്രോസ് ബോർഡർ സാൻഡ്‌ബോക്സ്’ എന്നു പേരിട്ടിരിക്കുന്ന ഈ പരിശോധനാ പ്രക്രിയയ്ക്കായി 27 അപേക്ഷകളിൽ നിന്ന് എട്ടു പേരെയാണ് തിരഞ്ഞെടുത്തത്. മലയാളി ഫിൻടെക് സ്റ്റാർട്ട്അപ്പുകളായ ‘ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ്’, ‘സോക്യാഷ്’ എന്നിവ ആർ.ബി.ഐ. തിരഞ്ഞെടുത്ത ഈ പട്ടികയിൽ ഇടംപിടിച്ചു.

അനീഷ് അച്യുതന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ‘ഓപ്പൺ’ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ട്അപ്പുകൾക്കും ആവശ്യമായ നിയോ ബാങ്കിങ് സേവനങ്ങളാണ് ഒരുക്കുന്നത്. ബാങ്ക് ഇടപാടുകളും ഇൻവോയ്‌സിങ്ങും ഓട്ടോമേറ്റ് ചെയ്ത് ചെറുകിട സംരംഭങ്ങളുടെ ജോലി ഭാരം കുറയ്ക്കുന്ന ഈ പ്ലാറ്റ്‌ഫോം ജി.എസ്.ടി. റിട്ടേൺ ഫയൽ ചെയ്യുന്നതുൾപ്പെടെയുള്ള സേവനങ്ങളും ഒരുക്കുന്നു. ഇന്ത്യ-യു.എസ്. പണമിടപാടുകളായിരിക്കും മൂന്നു മാസത്തെ ടെസ്റ്റിങ് ഘട്ടത്തിൽ നിർവഹിക്കുകയെന്ന് ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ അനീഷ് അച്യുതൻ പറഞ്ഞു.

തൃശ്ശൂർ സ്വദേശി ഹരി ശിവന്റെ നേതൃത്വത്തിൽ സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സോക്യാഷ്’ എന്ന സ്റ്റാർട്ട്അപ്പ് അവിടെ കടകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പൊതുജനങ്ങൾക്ക് പണം പിൻവലിക്കാനുള്ള ടെക്‌നോളജി അധിഷ്ഠിത സേവനമാണ് ഒരുക്കുന്നത്.

പൊതുജനങ്ങൾക്ക് എ.ടി.എം. തേടി അലയേണ്ടതില്ല എന്നതാണ് മെച്ചം. കടക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ കൈവശമുള്ള പണം പരോക്ഷമായി ബാങ്കിലെത്തിക്കാനാകുന്നു. എ.ടി.എമ്മിൽ പണം നിറയ്ക്കാനുള്ള ചെലവ് വൻതോതിൽ കുറയ്ക്കാമെന്നതാണ് ബാങ്കുകൾക്കുള്ള നേട്ടം. ഇന്ത്യയിൽനിന്ന് സിങ്കപ്പൂരിലേക്കും സിങ്കപ്പൂരിൽനിന്ന് ഇന്ത്യയിലേക്കുമുള്ള ക്യു.ആർ. കോഡ് അധിഷ്ഠിത ഇടപാടുകൾ നടത്തിയാകും ആർ.ബി.ഐ.യുടെ സാൻഡ്‌ബോക്സ് സൗകര്യം പ്രയോജനപ്പെടുത്തുകയെന്ന് സോക്യാഷ് കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ ഹരി ശിവൻ പറഞ്ഞു.