ബെംഗളൂരു : ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടർച്ചയായി പെയ്യുന്ന മഴയിൽ ബെംഗളൂരുവിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംപൊങ്ങി.

പല സ്ഥലങ്ങളിലും മരം കടപുഴകിവീണും ചുറ്റുമതിലുകൾ ഇടിഞ്ഞുവീണും നിർത്തിയിട്ട വാഹനങ്ങൾ തകർന്നു. അഴുക്കുചാലുകളിൽനിന്നുള്ള മലിനജലം നിരവധി വീടുകളിൽ കയറിയത് താമസക്കാരെ ദുരിതത്തിലാക്കി.

കനത്ത മഴയിൽവീട്ടിൽ വെള്ളം കയറിതിനാൽ സ്വിച്ചിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ബെംഗളൂരുവിൽ ഒരാൾ മരിച്ചു. കൊനപ്പന അഗ്രഹാര സ്വദേശി വെങ്കടേഷ് (56) ആണ് മരിച്ചത്. വെള്ളം കയറിയതിനെ തുടർന്ന് വെങ്കടേഷും ഭാര്യയും റോഡിലിറങ്ങി നിൽക്കുകയായിരുന്നു. ഇതിനിടെ വീടിനകത്ത് പ്രവേശിച്ച് സ്വിച്ച് ഓൺ ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്.

മൈക്കോ ലേഔട്ട്, ദയാനന്ദ നഗർ, രാജാജിനഗർ, പാലസ് റോഡ്, ജയമഹൽ റോഡ്, ആർ.ടി. നഗർ, ഇന്ദിരാനഗർ, കോറമംഗല, എച്ച്.എസ്.ആർ. ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ വെള്ളം പൊങ്ങിയത്. ബൊമ്മനഹള്ളി സോണിലെ മുനേശ്വരി ലേഔട്ടിൽ മാൻഹോളിൽ നിന്നുള്ള വെള്ളം ഒട്ടേറെ വീടുകളിൽ കയറി.

സദാശിവഗറിലെ ബാഷ്യം സർക്കിളിൽ വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. വസന്ത് നഗറിലെ ജെയ്ൻ ആശുപത്രിക്ക് സമീപം മരം കടപുഴകി. ശേഷാദ്രിപുരത്തെ ധന്വന്തരി റോഡിലെ അടിപാതയിലെ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം കനത്തമഴയിൽ തകർന്നുവീണു. ഇന്ദിരാനഗറിലെ എം.ഇ.ജി സെന്ററിന്റെ പരിധിയിലുള്ള ചുറ്റുമതിൽ തകർന്ന് പത്തോളം വാഹനങ്ങൾ തകർന്നു.

വടക്കൻ കർണാടകത്തിലെ ധാർവാഡ്, ബെലഗാവി, ബാഗൽകോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

ധാർവാഡിലും ബാഗൽകോട്ടിലും ഇടിമിന്നലേറ്റ് രണ്ടു കർഷകർ മരിച്ചു.

ധാർവാഡ് അന്നിഗേരി താലൂക്കിലെ സൈദപുരിൽ കൃഷിസ്ഥലത്ത് പണിയെടുക്കുന്നതിനിടെ സംഘപ്പ വരദ് (48) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ബാഗൽകോട്ട് കേരുരിന് സമീപം മസ്തിഗേരി ഗ്രാമത്തിൽ ഇടിമിന്നലേറ്റ് കർഷകനായ മഹേഷ് ധ്യാമണ്ണ ജുൻജുനഗൗഡർ (18) ആണ് മരിച്ചത്.