മൈസൂരു : ദസറയാഘോഷത്തിന്‌ സമാപനംകുറിച്ച് വിജയദശമിദിനത്തിൽ നടക്കുന്ന ഘോഷയാത്രയ്ക്കുള്ള ഫുൾ ഡ്രസ് റിഹേഴ്‌സൽ മൈസൂരു കൊട്ടാരവളപ്പിൽ ബുധനാഴ്ച അരങ്ങേറും. അമ്പാരി ആനയായ അഭിമന്യുവിന്റെ നേതൃത്വത്തിൽ അഞ്ച് ആനകൾ അണിനിരക്കുന്ന റിഹേഴ്‌സലിൽ 21 ഗൺ സല്യൂട്ടും ഉണ്ടാകും.

സിറ്റി പോലീസ് കമ്മിഷണർ ചന്ദ്രഗുപ്ത, വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ കെ. കരികാലൻ എന്നിവർ പങ്കെടുക്കും.

കൊട്ടാരവളപ്പിലാണ് വെള്ളിയാഴ്ച ഘോഷയാത്ര അരങ്ങേറുക. ആറ് നിശ്ചലദൃശ്യങ്ങൾ മാത്രം പങ്കെടുക്കുന്ന ഘോഷയാത്ര ഒരുമണിക്കൂറിനകം സമാപിക്കും. മന്ത്രിമാർ, എം.എൽ.എ.മാർ, മറ്റു ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി തിരഞ്ഞെടുക്കുന്ന 500 പേർക്ക് മാത്രമാണ് പ്രവേശനം. ദസറ വെബ്‌സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരിപാടിയുടെ തത്സമയ സംപ്രേഷണമുണ്ടാകും. നന്തി പൂജ വൈകീട്ട് 4.36-ന് നടക്കും. തുടർന്ന് വൈകീട്ട് അഞ്ചിന് ആനപ്പുറത്തുള്ള സുവർണ അമ്പാരിയിൽവെച്ചിരിക്കുന്ന ചാമുണ്ഡേശ്വരിദേവിയുടെ വിഗ്രഹത്തിൽ പുഷ്പവൃഷ്ടി നടത്തുന്നതോടെ ഘോഷയാത്ര ആരംഭിക്കും.

കഴിഞ്ഞ 26 വർഷത്തിനിടെ ഇത് നാലാമത്തെ തവണയാണ് ഘോഷയാത്ര കൊട്ടാരവളപ്പിനകത്ത് നടക്കുന്നത്. 1994-ൽ ഗുജറാത്തിലെ സൂറത്തിൽ പ്ലേഗ് പടർന്നുപിടിച്ചതിനെത്തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായ എം. വീരപ്പമൊയ്‌ലിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഘോഷയാത്ര വെട്ടിച്ചുരുക്കി. എട്ടുവർഷങ്ങൾക്കുശേഷം 2002-ൽ കടുത്ത വരൾച്ചയും മുൻമന്ത്രി എച്ച്. നാഗപ്പയെ വീരപ്പൻ തട്ടിക്കൊണ്ടുപോയതും കാരണം ഘോഷയാത്ര വീണ്ടും പരിമിതപ്പെടുത്തി. തുടർന്ന് 2020-ൽ കോവിഡ് കാരണം ഘോഷയാത്ര മൂന്നാമതും കൊട്ടാരവളപ്പിനകത്തായി ചുരുങ്ങി.