മൈസൂരു : റോഡപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ഔദ്യോഗിക വാഹനം വിട്ടുനൽകി മൈസൂരു എസ്.പി. സി.ബി. ഋഷ്യന്ത്. മൈസൂരു-എച്ച്.ഡി. കോട്ട റോഡിൽ ചൊവ്വാഴ്ചയാണ് സംഭവം.

ജില്ലാ ചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ വിളിച്ച കോവിഡ് അവലോകനയോഗത്തിൽ പങ്കെടുക്കാൻ എച്ച്.ഡി. കോട്ടയിലേക്ക് പോവുകയായിരുന്നു ഋഷ്യന്ത്. യാത്രാമധ്യേയാണ് ഇരുചക്രവാഹനയാത്രികൻ രക്തംവാർന്നനിലയിൽ റോഡിൽ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വാഹനം നിർത്തി അപകടത്തിൽപ്പെട്ടയാളുടെ അടുത്തെത്തിയ എസ്.പി.ക്ക് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടു. ലോക്ഡൗൺ കാരണം മറ്റു വാഹനങ്ങളൊന്നും റോഡിൽ അപ്പോൾ ഇല്ലാത്തതിനാൽ പരിക്കേറ്റയാളെ തന്റെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനം വരുത്തിയാണ് എസ്.പി. എച്ച്.ഡി. കോട്ടയിലേക്ക് യാത്ര തുടർന്നത്. പകരം വാഹനം വരുന്നതുവരെ റോഡരികിൽ കാത്തുനിൽക്കുകയും ചെയ്തു.സ്വകാര്യ കമ്പനി ജീവനക്കാരനായ എച്ച്.ഡി. കോട്ട നിവാസി ചന്ദ്രഷെട്ടിക്കാണ് പരിക്കേറ്റത്. ജോലിക്ക് പോകവേ എതിർദിശയിൽനിന്നെത്തിയ വാഹനവുമായി ഇയാളുടെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.