ബെംഗളൂരു : ലോക്ഡൗണിൽ ഭക്ഷണംകിട്ടാതെ വലയുന്നവർക്ക് ആശ്വാസംപകർന്ന് ഇന്ദിരാ കാന്റീനുകളിൽ സൗജന്യ ഭക്ഷണവിതരണം തുടങ്ങി. ബുധനാഴ്ച മുതലാണ് നിർധനകർക്കും കൂലിത്തൊഴിലാളികൾക്കും കാന്റീനുകളിൽ മൂന്നുനേരവും സൗജന്യമായി ഭക്ഷണം വിതരണംചെയ്തുതുടങ്ങിയത്. ലോക്ഡൗൺ പ്രാബല്യത്തിലുള്ള മേയ് 24 വരെയാണ് വിതരണം.

ഭക്ഷണം ആവശ്യമുള്ളവർ ആധാർകാർഡോ മറ്റുരേഖകളോ ഇന്ദിരാ കാന്റീനുകളിൽ ഹാജരാക്കണം. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്ഷണവിതരണം.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പട്ടിണിയിലായവരെ പരിഗണിക്കണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് ഇന്ദിരാകാന്റീനുകളിൽനിന്ന് സൗജന്യഭക്ഷണം നൽകാൻ സർക്കാർ തീരുമാനിച്ചത്. പ്രകൃതിദുരന്തങ്ങൾ നേരിടാനുള്ള പ്രത്യേക ഫണ്ടിൽനിന്നാണ് ഇതിനായി തുക കണ്ടെത്തുന്നത്. കഴിഞ്ഞ ലോക്ഡൗൺ കാലത്തും സർക്കാർ സമാനമായ പദ്ധതി തുടങ്ങിയിരുന്നെങ്കിലും ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരാതികൾകാരണം പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു.

ഭക്ഷണം വാങ്ങാനെത്തുന്നവർ നിർബന്ധമായും മുഖാവരണം ധരിച്ചിരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദേശമുണ്ട്. ഭക്ഷണം വിളമ്പുന്നവർ മുഖത്ത് ഷീൽഡും കൈയുറകളും ധരിക്കണം. കാന്റീനുകളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ അണുവിമുക്തമാക്കുകയും വേണം. ജീവനക്കാരുടെ ശരീരോഷ്മാവ് നിശ്ചിതസമയം ഇടവിട്ട് പരിശോധിക്കാനുള്ള സംവിധാനമുണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

സൗജന്യഭക്ഷണം വിതരണംചെയ്യാനുള്ള സർക്കാരിന്റെ നിർദേശം ലഭിച്ചതോടെ ലോക്ഡൗണിനെത്തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ഇന്ദിരാ കാന്റീനുകൾ ബുധനാഴ്ച തുറന്നു. കെട്ടിട നിർമാണത്തൊഴിലാളികളും ടാക്സി-ഒാട്ടോ തൊഴിലാളികളുമാണ് ഇന്ദിരാ കാന്റീനുകളുടെ പ്രധാന ഉപഭോക്താക്കൾ.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒട്ടുമിക്ക തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് മടങ്ങിയെങ്കിലും തിരികെപ്പോകാൻ കഴിയാത്ത ഒട്ടേറെപ്പേർ നഗരത്തിലുണ്ട്. ജോലിയില്ലാത ായതോടെ ഇത്തരം കുടുംബങ്ങൾ പലതും പട്ടിണിയാണ്.