ബെംഗളൂരു : യു.എ.ഇ.യിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ എമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരേ പ്രമുഖ വ്യവസായി ബി.ആർ. ഷെട്ടി നൽകിയ ഹർജിയിൽ വീണ്ടും തിരിച്ചടി. യാത്രാവിലക്ക് ശരിവെച്ച കർണാടക ഹൈക്കോടതിയുടെ സിംഗിൾബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സിംഗിൾ ​െബഞ്ചിന്റെ ഉത്തരവിനെതിരേ നൽകിയ ഹർജി തള്ളുകയായിരുന്നു.

യു.എ.ഇ. എക്സ്‌ചേഞ്ച്, എൻ.എം.സി. ഹെൽത്ത് കെയർ എന്നിവയുടെ സ്ഥാപകനായ ബി.ആർ. ഷെട്ടി സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കെയാണ് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നാട്ടിലേക്ക് മടങ്ങിയത്. നവംബറിൽ യു.എ.ഇ.യിലേക്ക് മടങ്ങാനുള്ള ശ്രമം എമിഗ്രേഷൻ അധികൃതർ തടഞ്ഞു. ഈ നടപടിക്കെതിരേ കർണാടക ഹൈക്കോടതിയെ സമീപിച്ചപ്പോൾ യാത്രാവിലക്ക് ശരിവെച്ച് സിംഗിൾബെഞ്ച് ഉത്തരവിട്ടു. ഇതേത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ബാങ്ക് ഓഫ് ബറോഡയുമായി ഷെട്ടിക്ക് സാമ്പത്തിക ബാധ്യത നിലനിൽക്കുന്നതിനാൽ ബാങ്ക് അധികൃതരുടെ നിർദേശപ്രകാരമാണ് എമിഗ്രേഷൻ വകുപ്പ് അദ്ദേഹത്തിന് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.