ബെംഗളൂരു : സംസ്ഥാനത്തിന് കേന്ദ്രം നിർദേശിച്ചയളവിൽ റെംഡെസിവിർ മരുന്ന് വിതരണം ചെയ്യാത്ത വൻകിട കമ്പനികൾക്കെതിരെ സംസ്ഥാന സർക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. സിപ്ല, ജൂബിലന്റ് തുടങ്ങിയ കമ്പനികൾക്കെതിരേയാണ് നടപടി. ഇതിനുമുന്നോടിയായി ഇരുകമ്പനികൾക്കും സർക്കാർ നോട്ടീസയച്ചു. കേന്ദ്രം നിർദേശിച്ചയളവിൽ മരുന്നുകളെത്തിക്കാത്തതിന് ദുരന്തനിവാരണ നിയമമനുസരിച്ച് കേസെടുക്കാനാണ് തീരുമാനം.

മേയ് ഒമ്പതിനുള്ളിൽ 30,000 വയൽ റെംഡെസിവിർ എത്തിക്കാൻ സിപ്ലയോടും 32,000 വയൽ വിതരണം ചെയ്യാൻ ജൂബിലന്റിനോടും കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച വരെ സിപ്ല വിതരണം ചെയ്തത് 10,840 വയൽ മരുന്നാണ്. ജൂബിലന്റ് 17,601 വയൽ മരുന്നും വിതരണം ചെയ്തു. സംസ്ഥാനം കടുത്ത മരുന്നുക്ഷാമം നേരിടുമ്പോൾ കേന്ദ്രനിർദേശം ലംഘിക്കുന്നത് ഗുരുതരമായ വീഴ്ചയായാണ് സംസ്ഥാനസർക്കാർ കാണുന്നത്. കോവിഡ് രോഗികൾക്ക് നൽകുന്ന മരുന്നാണ് റെംഡെസിവിർ.

അതേസമയം റെംഡെസിവിറിന്റെ കരിഞ്ചന്തയിലെ വിൽപ്പന സജീവമാണെന്ന പരാതിയും വ്യാപകമാണ്. ആശുപത്രി ജീവനക്കാരും മരുന്ന് വിതരണക്കാരുമുൾപ്പെടെ റെംഡെസിവിർ പൂഴ്ത്തിവെച്ച് എട്ടിരട്ടിയോളം വിലയീടാക്കി വിൽപ്പന നടത്തുതായാണ് പരാതി. കഴിഞ്ഞദിവസം നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാർ മരുന്ന് കരിഞ്ചന്തയിൽ വിറ്റതിന് പിടിയിലായിരുന്നു.

കോവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ ക്ഷാമം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് എക്സിക്യുട്ടീവ് കമ്മിറ്റി സെക്രട്ടറി എൻ. മഞ്ജുനാഥ് പ്രസാദ് പറഞ്ഞു.