ബെംഗളൂരു : ഡിവൈ.എസ്.പി. എം.കെ. ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിയതിനെതിരേ കുടുംബാംഗങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു കർണാടക ഹൈക്കോടതി എഫ്.ഐ.ആർ. റദ്ദാക്കിയത്. ഇതിനെതിരേ കുടുംബാംഗങ്ങൾ നൽകിയ ഹർജിയിൽ സി.ബി.ഐ., മുൻമന്ത്രി കെ.ജെ. ജോർജ്, ഐ.പി.എസ്. ഉദ്യോഗസ്ഥരായ എ.എം. പ്രസാദ്, പ്രണാബ് മൊഹന്തി എന്നിവർക്ക് സുപ്രീംകോടതി നോട്ടീസയച്ചു. കേസ് വീണ്ടും പരിഗണിക്കുന്നത് ജനുവരി 15-ലേക്ക് മാറ്റി.
കേസിൽ തന്നെയും രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരെയും തെറ്റായി ഉൾപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ.ജെ. ജോർജ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നായിരുന്നു കേസ് റദ്ദാക്കിയത്.
2016 ജൂലായ് ഏഴിനായിരുന്നു ഗണപതിയെ മഡിക്കേരിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിനുമുമ്പ് പ്രാദേശികചാനലിന് നൽകിയ അഭിമുഖത്തിൽ അന്ന് മന്ത്രിയായിരുന്ന കെ.ജെ. ജോർജ്, എ.എം. പ്രസാദ്, പ്രണാബ് മൊഹന്തി എന്നിവർക്കെതിരേ ആരോപണമുന്നയിച്ചിരുന്നു.