ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച 15 എം.എൽ.എ.മാരിൽ 13 പേർ സത്യപ്രതിജ്ഞചെയ്തു. വിധാനസൗധയിൽനടന്ന ചടങ്ങിൽ സ്പീക്കർ വിശ്വേശർ ഹെഗ്‌ഡെ കഗേരി സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് സ്ഥാനാർഥികളായി വിജയിച്ച റിസ്‌വാൻ അർഷാദ്, മഞ്ജുനാഥ് എന്നിവർ സത്യപ്രതിജ്ഞ ചെയ്യാനെത്തിയില്ല. പൗരത്വനിയമ ഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഇവർ വിട്ടുനിന്നതെന്ന് സൂചനയുണ്ട്. സത്യപ്രതിജ്ഞ ചെയ്തവരിൽ 12 പേർ ബി.ജെ.പി.യിൽനിന്നുള്ളവരാണ്. മറ്റൊരാൾ ബി.ജെ.പി. വിമതനായി വിജയിച്ച ശരത് ബച്ചഗൗഡയാണ്.

ബി.ജെ.പി.യിൽനിന്നുള്ള രമേശ് ജാർക്കിഹോളി, ബൈരതി ബസവരാജ്, ബി.സി. പാട്ടീൽ, എസ്.ടി. സോമശേഖർ, മഹേഷ് കുമത്തല്ലി, ആനന്ദ് സിങ്, ശിവറാം ഹെബ്ബാർ, കെ. സുധാകർ, നാരായണ ഗൗഡ, ശ്രീമന്ത് പാട്ടീൽ, കെ ഗോപാലയ്യ, അരുൺകുമാർ എന്നിവരാണ് സത്യപ്രതിജ്ഞചെയ്തത്.

മന്ത്രിസഭ വികസനം ജനുവരിയിൽ നടക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. ഡിസംബർ അവസാനം കേന്ദ്ര നേതൃത്വവുമായി ചർച്ചനടത്തി മന്ത്രിമാരുടെ പട്ടിക പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മകരസംക്രാന്തിയോടനുബന്ധിച്ച് മന്ത്രിസഭ വികസിപ്പിക്കാനാണ് തീരുമാനം. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് നൽകിയ വാഗ്ദാനം നിറവേറ്റും. ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

സംസ്ഥാനത്ത് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് സംഘടിപ്പിച്ചതിനെ ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി വിമർശിച്ചു.

Content Highlights; 13 mla take oath