പ്രത്യേക ടാസ്ക് ഫോഴ്‌സ് രൂപവത്കരിക്കും

ബെംഗളൂരു : കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ ഊർജിതമാക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നിർദേശം.

മൂന്നാം തരംഗം നേരിടുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും പ്രത്യേക ടാസ്ക് ഫോഴ്‌സ് രൂപവത്കരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്ത് മൂന്നാം കോവിഡ് തരംഗമുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകിയ മുന്നറിയിപ്പ്. രണ്ടാംതരംഗത്തെക്കാൾ മൂന്നാം തരംഗം തീവ്രമാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 18 വയസ്സിനു താഴെയുള്ളവരെ മൂന്നാം തരംഗം കൂടുതൽ ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

ആശുപത്രികളിൽ കൂടുതൽ കിടക്കൾ ഒരുക്കുക,

ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിനൊപ്പം പൊതുജനങ്ങൾ കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിച്ചിരുന്നു.

രണ്ടാംതരംഗത്തിന്റെ തീവ്രത വർധിച്ചതിന് പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ഒന്നാംഘട്ട വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ സാമൂഹിക അകലം പാലിക്കുന്നതും മുഖാവരണം ധരിക്കുന്നതുമുൾപ്പെടെയുള്ള പ്രതിരോധത്തിന് ഭൂരിഭാഗംപേരും വിമുഖത കാട്ടി. മൂന്നാം തരംഗത്തെ കാര്യക്ഷമമായി പ്രതിരോധിക്കാൻ ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. അതേസമയം, ആശുപത്രികളിൽ സൗകര്യമൊരുക്കാനും ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനുമുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.