മൈസൂരു : കോവിഡിനെതിരേ പ്രതിരോധപ്രവർത്തനത്തിൽ ഏർപ്പെടാനായി തന്റെ വിവാഹം മാറ്റിവെച്ച് മൈസൂരു ജില്ലയിലെ പോലീസുകാരൻ. ഹുൻസൂർ സ്റ്റേഷനിലെ കോൺസ്റ്റബിളായ ആനന്ദതീർഥയാണ് പോലീസുകാരിയായ സൗഭാഗ്യയുമായുള്ള വിവാഹം അനിശ്ചിതമായി നീട്ടിവെച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്.

ചിക്കമംഗളൂരുവിൽ കോൺസ്റ്റബിളായി ജോലിചെയ്യുകയാണ് സൗഭാഗ്യ. വിവാഹം നീട്ടിവെക്കുന്നതിന്റെ കാരണം സൗഭാഗ്യയുടെ വീട്ടുകാരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം വിവാഹത്തിനു ഉചിതമല്ലെന്ന് ആനന്ദതീർഥ മനസ്സിലാക്കിയെന്ന് സഹപ്രവർത്തകർ പറയുന്നു. ജീവൻ പണയംവെച്ച് കോവിഡിനെതിരേ പോരാടുന്ന തങ്ങൾക്കൊപ്പം പ്രവർത്തിക്കാനാണ് ആനന്ദതീർഥ താത്പര്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

വിവാഹം നീട്ടിവെച്ചകാര്യം ഹുൻസൂർ പോലീസ് ഇൻസ്പെക്ടർ രവി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, മൈസൂരു നിവാസിയായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനും തന്റെ മകളുടെ വിവാഹം നീട്ടിവെച്ചിട്ടുണ്ട്.

മേയ് 27-ന് നടക്കേണ്ട വിവാഹം ഓഗസ്റ്റിലേക്കാണ് നീട്ടിയത്. ഡോക്ടറാണ് വരൻ. വിവാഹത്തിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടുപോകാനാണ് തുടക്കത്തിൽ തീരുമാനിച്ചതെങ്കിലും സ്ഥിതി രൂക്ഷമായതോടെ മാറ്റിവെക്കുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.