ബെംഗളൂരു : കർണാടകത്തിലെ ഒമ്പതുജില്ലകളിൽ കോവിഡ് രോഗികൾക്ക് സമഗ്ര ശാരീരിക പരിശോധനയ്ക്കുള്ള ട്രയാഗിങ് കേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി സർക്കാർ.

ഇതുസംബന്ധിച്ച് ചർച്ച ചെയ്യാൻ ഒമ്പതുജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരുമായും മുനിസിപ്പൽ കമ്മിഷണർമാരുമായും ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരുമായും കോവിഡ് വാർ റൂം നോഡൽ മന്ത്രിയായ അരവിന്ദ് ലിംബാവലി വീഡിയോ കോൺഫറൻസ് നടത്തി. ട്രയാഗിങ് കേന്ദ്രങ്ങൾ തുടങ്ങാനുള്ള സൗകര്യങ്ങളുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

വാർഡ് തലങ്ങളിൽ ട്രയാഗിങ് കേന്ദ്രങ്ങൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദക്ഷിണ കന്നഡ, ഹുബ്ബള്ളി - ധാർവാഡ്, കലബുറഗി, ദാവൻഗെരെ, ബെലഗാവി, ശിവമൊഗ, ഉഡുപ്പി, കുടക്, മാണ്ഡ്യ എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരാണ് ചർച്ചയിൽ പങ്കെടുത്തത്.

കോവിഡ് രോഗികൾക്ക് മറ്റ് ഗുരുതര അസുഖങ്ങളുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനാണ് കേന്ദ്രങ്ങൾ ഒരുക്കുന്നത്.