തീവണ്ടിയിലെത്തിയത് 120 ടൺ ഓക്‌സിജൻ

ബെംഗളൂരു : നഗരത്തിലെ ഓക്സിജൻ ക്ഷാമത്തിന്റെ തീവ്രതകുറയ്ക്കാൻ 120 ടൺ ദ്രവീകൃത ഓക്സിജനുമായി ആദ്യ ‘ഓക്സിജൻ എക്സ്പ്രസ്’ തീവണ്ടി ബെംഗളൂരുവിലെത്തി. ചൊവ്വാഴ്ചരാവിലെ വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനിലാണ് ജാർഖണ്ഡിലെ ടാറ്റാനഗറിൽനിന്നുള്ള ഓക്‌സിജൻ എക്സ്പ്രസ്എത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഓക്സിജൻ കണ്ടെയ്‌നറുകൾ നഗരത്തിലെ വിവിധ ആശുപത്രികളിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ജാർഖണ്ഡിൽനിന്ന് തീവണ്ടി കർണാടകത്തിലേക്ക് തിരിച്ചത്.

സിഗ്നൽരഹിത ഗ്രീൻ കോറിഡോർ സംവിധാനത്തിലൂടെയാണ് ഓക്സിജൻ എക്സ്പ്രസുകൾ കടത്തിവിടാനുള്ള സംവിധാനം റെയിൽവേ സജ്ജീകരിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്താൻ ഇതിലൂടെകഴിയും. വരും ദിവസങ്ങളിൽ ഇത്തരം കൂടുതൽ തീവണ്ടികൾ സംസ്ഥാനത്തെത്തുമെന്ന് ദക്ഷിണ- പശ്ചിമ റെയിൽവേ അറിയിച്ചു. ഒഡിഷയിൽനിന്നും വിശാഖപട്ടണത്തുനിന്നും സർവീസുകൾ വേണമെന്ന് നേരത്തേ സംസ്ഥാന സർക്കാർ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു.

ടാങ്കറുകൾ കൈകാര്യംചെയ്യാൻ സൗകര്യമുള്ള നഗരത്തിലെ ഒരേയൊരു റെയിൽവേസ്റ്റേഷനാണ് വൈറ്റ്ഫീൽഡിലേത്. ഓക്സിജൻ കണ്ടെയ്‌നറുകൾ ഇറക്കാൻ പ്രത്യേക റാംപുകൾ ആവശ്യമാണ്. നഗരത്തിലെ താരതമ്യേന തിരക്കുകുറഞ്ഞ റെയിൽവേസ്റ്റേഷനുകളിൽ റാംപുകൾ നിർമിക്കാനുള്ള നടപടിയും ദക്ഷിണ- പശ്ചിമ റെയിൽവേ പൂർത്തിയാക്കിവരികയാണ്.

ഇത്തരം റെയിൽവേ സ്റ്റേഷനുകളിലിറക്കുന്ന ഓക്സിജൻ ടാങ്കറുകൾ റോഡുമാർഗം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെത്തിക്കും. സർക്കാരാണ് ഇതിനുള്ള സൗകര്യങ്ങളൊരുക്കുന്നത്.

അതേസമയം സംസ്ഥാനത്ത് പ്രതിദിനം 1792 മെട്രിക് ടൺ ഓക്സിജൻ വേണമെന്നാണ് കണക്ക്. കോടതി വിധിയനുസരിച്ച് 1200 മെട്രിക് ടൺ ഓക്സിജൻ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കണം.

വരുംദിവസങ്ങളിൽ തുടർച്ചയായി ഓക്സിജൻ ലഭ്യമാകുന്നതോടെ കനത്ത ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.