ബെംഗളൂരു : കർണാടകത്തിലെ കൊപ്പാളിൽ തലമുടി വെട്ടാനെത്തിയ സഹോദരങ്ങളായ രണ്ടു ദളിത് യുവാക്കളെ മുന്നാക്ക ജാതിയിൽപ്പെട്ടവർ ആക്രമിച്ചു. അപമാനിതരായ യുവാക്കൾ കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊപ്പാൾ യെൽബുർഗ താലൂക്കിലെ ഹൊസള്ളി വില്ലേജിലെ ദളിത് കോളനിയിൽ താമസിക്കുന്ന 22, 27 വയസ്സുള്ള യുവാക്കളാണ് അക്രമത്തിനിരയായത്. ലോക് ഡൗണിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾ അടച്ചതിനാൽ വീടുകളിലെത്തി മുടി മുറിക്കുന്ന ബാർബർമാരെ തേടി തൊട്ടടുത്ത ഗ്രാമത്തിലെത്തിയതായിരുന്നു സഹോദരങ്ങൾ. വിവരമറിഞ്ഞ് മുന്നാക്കജാതിയിൽപ്പെട്ട ഏതാനും പേർ സംഘം ചേർന്ന് സ്ഥലത്തെത്തി. ഇതോടെ ബാർബർമാർ സഹോദരങ്ങളോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ തയ്യാറാണെന്നുപറഞ്ഞ് അവർ അവിടെനിന്നു. ഇതോടെ സംഘം ചേർന്നവർ ആക്രമിക്കുകയായിരുന്നു. മുന്നാക്ക ജാതിക്കാരുടെ മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് താക്കീതും നൽകി. ഇതിന്റെ വീഡിയോദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചു. ഇതിൽ അപമാനിതരായ യുവാക്കൾ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ബാർബർമാരുൾപ്പെടെ 16 പേർക്കെതിരേ പട്ടികജാതി-വർഗ അതിക്രമ നിരോധനനിയമപ്രകാരം പോലീസ് കേസെടുത്തു. യുവാക്കളെ ആക്രമിച്ചവരെ അറസ്റ്റുചെയ്യുമെന്ന് കൊപ്പാൾ ജില്ലാ പോലീസ് സൂപ്രണ്ട് ടി. ശ്രീധർ പറഞ്ഞു.