ബെംഗളൂരു : ഇന്ധന വിലവർധന 100 രൂപ പിന്നിട്ടതോടെ ‘100 നോട്ട് ഔട്ട്’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നു. അഞ്ചു ദിവസം നീളുന്ന പ്രതിഷേധപരിപാടികൾക്ക് വെള്ളിയാഴ്ച തുടക്കമാകും. ജൂൺ 15 വരെ സംസ്ഥാനത്തെ 5000-ത്തോളം പെട്രോൾ പമ്പുകൾക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. തുടർന്ന് ജില്ലാകേന്ദ്രങ്ങളിലും താലൂക്ക്‌ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകും.

മുഖാവരണം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രതിഷേധമെന്നും സൂം പ്ലാറ്റ്‌ഫോമിലൂടെ പാർട്ടി നേതാക്കൾ പ്രതിഷേധപരിപാടി നിയന്ത്രിക്കുമെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ധന വിലയിൽ 30 രൂപയിലധികം വർധനയാണുണ്ടായതെന്നും പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.