ബെംഗളൂരു : കോവിഡ് മൂന്നാംഘട്ട വ്യാപന മുന്നൊരുക്കത്തിന്റെ ഭാഗമായി കുട്ടികളിലെ കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ഡോക്ടർമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമായി സംഘടിപ്പിക്കുന്ന പരിശീലനക്യാമ്പിന് തുടക്കമായി. മൂന്നാംഘട്ട കോവിഡ് വ്യാപനത്തിൽ കുട്ടികളിലാണ് രോഗവ്യാപനം തീവ്രമാകുകയെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് മുൻനിർത്തിയാണ് നിംഹാൻസിൽ ക്യാമ്പ് സംഘടിപ്പിച്ചത്. വരുംദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ക്യാമ്പുകൾ നടക്കും. കോവിഡ് ബാധിതരായ കുട്ടികൾക്ക് എങ്ങനെ ഫലപ്രദമായ സൗകര്യമൊരുക്കാം, വ്യാപനത്തോത് എങ്ങനെ കുറയ്ക്കാം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.

നഗരത്തിൽ കുട്ടികളുടെ ഡോക്ടർമാരുടെ എണ്ണം താരതമ്യേന കുറവാണ്. ഈ സാഹചര്യത്തിൽ മറ്റ് വിഭാഗത്തിലെ ഡോക്ടർമാർകൂടി കുട്ടികളെ പരിചരിക്കാൻ പരിശീലനംനേടണമെന്ന്‌ ക്യാമ്പ് ഉദ്ഘാടനംചെയ്ത റവന്യൂമന്ത്രി ആർ. അശോക പറഞ്ഞു. മറ്റ് അസുഖങ്ങളുള്ള കുട്ടികൾക്കുവേണ്ടി ടെലി-കൺസൾട്ടിങ് ഉൾപ്പെടെയുള്ള സംവിധാനമൊരുക്കാൻ സർക്കാർ പദ്ധതിതയ്യാറാക്കി വരികയാണ്. ഡോക്ടർമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പൂർണ പിന്തുണയുണ്ടെങ്കിൽ മാത്രമേ മൂന്നാംഘട്ട കോവിഡ് വ്യാപനം പ്രതിരോധിക്കാൻ കഴിയുകയുള്ളുവെന്നും ആർ. അശോക പറഞ്ഞു.

ഒന്നുംരണ്ടും ഘട്ടങ്ങളിൽ ഡോക്ടർമാർക്ക് ലീവ് എടുക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നില്ല. എന്നാൽ മൂന്നാംഘട്ടത്തിൽ വ്യക്തിപരമായ മറ്റുകാര്യങ്ങൾ മാറ്റിനിർത്തി പൂർണമായും രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

അതേസമയം താലൂക്ക്, ജില്ലാ ആശുപത്രികളിൽ കുട്ടികൾക്കുവേണ്ടി പ്രത്യേകം കോവിഡ് വാർഡുകൾ സജ്ജീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കുകൂടി കഴിയാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ഒരു കുട്ടിയെപ്പോലും കോവിഡ് വാർഡുകളിൽ തനിച്ചാക്കില്ലെന്ന് ആരോഗ്യവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. വാർഡുകളിൽ ഓക്സിജൻലഭ്യത ഉറപ്പുവരുത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചുവരികയാണ്. ഒക്ടോബറോടെ സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗമുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.