ബെംഗളൂരു : ഇന്ധനവില വർധിച്ചതോടെ നഗരത്തിൽ പച്ചക്കറിവിലയും കുതിച്ചുയരുന്നു. ഉള്ളി, കാരറ്റ്, ബീൻസ്, വെണ്ട, തേങ്ങ, കോളിഫ്ളവർ തുടങ്ങിയവയുടെ വിലയാണ് കുത്തനെ കൂടുന്നത്. ഹോപ്‌കോംസിന്റെ വിലനിലവാരമനുസരിച്ച് ബീൻസിന് ഒരാഴ്ചയ്ക്കിടെ വർധിച്ചത് 30 രൂപയാണ്. കഴിഞ്ഞ ശനിയാഴ്ച 60 രൂപയുണ്ടായിരുന്ന സ്ഥാനത്ത് വ്യാഴാഴ്ച 90 രൂപയാണ് ബീൻസിന്റെ വില. ഉള്ളിയുടെ വിലയിൽ ഏഴുരൂപവരെയാണ് വർധനയുണ്ടായിരിക്കുന്നത്. 31 രൂപയുണ്ടായിരുന്ന തേങ്ങയുടെ വില 37 രൂപയായും വർധിച്ചു. വെണ്ട, ഊട്ടി കാരറ്റ്, കോളിഫ്ളവർ തുടങ്ങിയവയുടെ വില ആറുരൂപമുതൽ 22 രൂപവരെയാണ് വർധിച്ചത്.

അതേസമയം ബെംഗളൂരുവിന്റെ സമീപപ്രദേശങ്ങളിൽ സുലഭമായതിനാൽ തക്കാളിക്കും ഉരുളക്കിഴങ്ങിനും വിലവർധിച്ചിട്ടില്ല. തക്കാളി ഉത്പാദിപ്പിക്കുന്ന വിവിധ ജില്ലകളിൽ വില ലഭിക്കാത്തതിനെത്തുടർന്ന് കർഷകർ കൂട്ടത്തോടെ തക്കാളി ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വിദൂരജില്ലകളിൽനിന്നും എത്തിക്കുന്ന പച്ചക്കറികളുടെ വിലയിലാണ് വർധനയുണ്ടായിരിക്കുന്നത്.

കോവിഡിനെത്തുടർന്നുണ്ടായ യാത്രാനിയന്ത്രണങ്ങളും വിലക്കയറ്റത്തിന് കാരണമായതായി വ്യാപാരികൾ പറയുന്നു. മുമ്പുണ്ടായിരുന്നതിന്റെ 40 ശതമാനം വാഹനങ്ങൾ മാത്രമേ പച്ചക്കറിയുമായി ഇപ്പോൾ നഗരത്തിലെത്തുന്നുള്ളു.

വരുംദിവസങ്ങളിലും പച്ചക്കറിവില കുത്തനെ ഉയരുമെന്നാണ് വ്യാപാരികൾ നൽക്കുന്ന സൂചന. മഴക്കാലം തുടങ്ങുന്നതോടെ സംസ്ഥാനത്ത് പച്ചക്കറി ഉത്‌പാദനം കുറയുന്നതാണ് വിലവർധനയ്ക്ക്‌ കാരണമാകുന്നത്. വടക്കൻ ജില്ലകളിൽ ഇതിനോടകം ഉത്‌പാദനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്തു. പച്ചക്കറിവില പിടിച്ചുനിർത്താൻ ഹോപ്‌കോംസ് നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.