ബെംഗളൂരു

: രണ്ടര പതിറ്റാണ്ടായി ബെംഗളൂരുവിലെ ജീവകാര്യണ്യ രംഗത്ത് സജീവമാണ് കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്. ഉണ്ണാനും ഉടുക്കാനുമില്ലാതെ കഷ്ടപ്പെടുന്നവർക്ക് ഏതുസമയത്തും മുട്ടിവിളിക്കാവുന്ന നഗരത്തിലെ വാതിലുകളിലൊന്നാണ് കാരുണ്യയുടേത്. കോവിഡ് കാലത്തും വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി ഒട്ടേറെപ്പേരുടെ കണ്ണീരൊപ്പാൻ കഴിഞ്ഞു. ചികിത്സാസഹായമെത്തിക്കുന്നതിലും ജോലി നഷ്ടപ്പെട്ട് പട്ടിണിയിലായവർക്ക് അന്നമെത്തിക്കുന്നതിനും വിശ്രമമില്ലാതെ പ്രവത്തിക്കുകയാണ് കാരുണ്യ.

കോവിഡ് ഒറ്റപ്പെടുത്തിയവർക്ക് കൈത്താങ്ങാകാനും മുന്നിലുണ്ട്. കോവിഡ് ബാധിച്ചതുകൊണ്ട് വാടകവീട്ടിൽനിന്ന് പുറത്താക്കിയവർക്ക് താമസസൗകര്യമൊരുക്കിയ നിരവധി സംഭവങ്ങളും സന്നദ്ധപ്രവർത്തകർക്ക് പറയാനുണ്ട്. എച്ച്. എ. എല്ലിന് സമീപം കോവിഡ് ബാധിച്ചതോടെ വീട്ടിൽനിന്ന് പുറത്താക്കിയ യുവാവിന് മണിക്കൂറുകൾക്കുള്ളിൽ താമസസൗകര്യമൊരുക്കാൻ കാര്യണ്യയ്ക്ക് കഴിഞ്ഞു. ബൈയപ്പനഹള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കരളലിയിക്കുന്ന ഒട്ടേറെ അനുഭവങ്ങൾക്കാണ് സാക്ഷികളാകേണ്ടിവന്നതെന്ന് കാര്യണ്യ പ്രവർത്തകർ പറയുന്നു. താമസിക്കാൻ ഇടം നഷ്ടപ്പെട്ട ഒരാളേയും കാര്യണ്യ കൈവിട്ടില്ല.

നഗരത്തിലെ പേയിങ്ങ് ഗസ്റ്റ് ( പി.ജി.) സ്ഥാപനങ്ങളിലും ആദ്യഘട്ടത്തിൽ സമാനമായിരുന്നു സ്ഥിതി. കോവിഡ് ഭയന്ന് ഒറ്റരാത്രികൊണ്ട് താമസക്കാരെ ഇറക്കിവിട്ട പി.ജി. കളുണ്ട്. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നവർക്ക് കൈത്തങ്ങായത് കാര്യണ്യയുടെ വൊളന്റിയർമാരായിരുന്നു. നാട്ടിലെത്തേണ്ടവർക്ക് നാട്ടിലെത്താനുള്ള വാഹന സൗകര്യമൊരുക്കിയും നഗരത്തിൽ താമസിക്കേണ്ടവർക്ക് താമസസൗകര്യങ്ങളൊരുക്കിയുമായിരുന്നു പ്രവർത്തനം. ഭക്ഷണവിതരണം നിലച്ച പി.ജി. കളിൽ ദിവസവും ഭക്ഷണമെത്തിക്കാനുള്ള സൗകര്യവും പ്രവർത്തകർ ഒരുക്കി.

നിർധനരായ 50- ഓളം കുടുംബങ്ങൾക്ക് സ്ഥിരമായി ഭക്ഷണക്കിറ്റുകൾ എത്തിച്ചുനൽകുന്നു. ധാന്യങ്ങളും പയറുവർഗങ്ങളും പാചകത്തിനുള്ള എണ്ണയുമുൾപ്പെടെ ഒരു കുടുംബത്തിന് 15 ദിവസമെങ്കിലും കഴിയാനുള്ള സാധനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളതെന്ന് ചെയർമാൻ എ. ഗോപിനാഥ് പറഞ്ഞു. ആദ്യഘട്ടത്തിൽ വാഹനങ്ങളിലെത്തി വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു പതിവെങ്കിൽ നിലവിൽ ജീവൻഭീമ നഗറിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വഴിയാണ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നത്. നഗരത്തിലെ 17-ഓളം യൂണിറ്റുകളിൽ അതത് പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കും സഹായമെത്തിച്ചുവരുന്നു. 1600 -ഓളം അംഗങ്ങളാണ് കാരുണ്യബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിലുള്ളത്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ നഗരത്തിലെ ആശുപത്രികളിൽ കിടക്ക ലഭിക്കാൻ രോഗികൾ നിസ്സഹായതയോടെ കാത്തിരുന്നപ്പോഴും കാര്യണ്യപ്രവർത്തകർ സഹായഹസ്തവുമായെത്തി. അത്യാസന്ന നിലയിലായ ഒട്ടേറെപ്പേർക്കാണ് കാര്യണ്യയുടെ ഇടപെടലിൽ ഓക്സിജൻ സിലിൻഡർ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ സംവിധാനങ്ങൾ ലഭിച്ചത്. ആംബുലൻസുകൾ കിട്ടാതെ വലഞ്ഞവർക്ക് ആംബുലൻസുകളെത്തിച്ചുനൽകാനും കഴിഞ്ഞു. മറ്റ് മലയാളി സംഘടനകളുടെ ആംബുലൻസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

പഠനം മുടങ്ങാതിരിക്കാൻ

:നഗരത്തിൽ 400-ഓളം കുട്ടികൾക്കാണ് കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് പഠന സഹായം നൽകുന്നത്. കുട്ടികൾ പഠിക്കുന്ന കോഴ്‌സുകൾക്കനുസരിച്ച് വർഷത്തിൽ 10,000 മുതൽ 50,000 രൂപവരെയാണ് സഹായമെത്തിക്കുന്നത്. കോവിഡ് കാലത്ത് വിദ്യാർഥികൾ നേരിട്ട ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സംവിധാനങ്ങളില്ലാത്തതായിരുന്നു. കാര്യണ്യയുടെ പ്രവർത്തനഫലമായി ഒട്ടേറെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്തും ഡയാലിസിസ് ചെയ്യേണ്ട രോഗികൾക്കുള്ള സഹായവും മറ്റ് രോഗികളെ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കും കാരുണ്യ മുടക്കം വരുത്തിയിട്ടില്ല. സന്നദ്ധ പ്രവർത്തനങ്ങളിൽ താത്‌പര്യമുള്ളവരും ട്രസ്റ്റ് അംഗങ്ങളുമാണ് ഏതു ദുരിതകാലത്തും മറ്റുള്ളവർക്ക് താങ്ങാകാൻ കാരുണ്യയ്ക്ക് കരുത്തുനൽകുന്നത്.