ബെംഗളൂരു : കഴിഞ്ഞമാസം വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റിൽ കർണാടകത്തിലുണ്ടായത് 209.30 കോടിയുടെ നാശം. സർക്കാർ നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും നാശനഷ്ടമുണ്ടായതായി വ്യക്തമായത്.

ചുഴലിക്കാറ്റിനൊപ്പമുണ്ടായ കനത്ത മഴയിൽ 1047 കിലോമീറ്റർ റോഡ് നശിച്ചതായാണ് കണക്ക്. കടലാക്രമണത്തിൽ തീരത്ത് കിലോമീറ്ററുകളോളം സംരക്ഷണഭിത്തിയും നശിച്ചു. 473 വീടുകൾ തകർന്നു. 71 സർക്കാർ കെട്ടിടങ്ങൾക്കും 29 ചെറുകിട ജലസേചന പദ്ധതികൾക്കും നാശം നേരിട്ടു. 79 വൈദ്യുത ട്രാൻസ്ഫോർമറുകളും 107 കിലോമീറ്റർ വൈദ്യുതലൈനും നശിച്ചതായാണ് കണക്ക്. മത്സ്യബന്ധനത്തൊഴിലാളികളുടെ 263 ബോട്ടുകളും 324 മീൻപിടിത്ത വലകളും നശിച്ചു. കാറ്റിലും മഴയിലും പെട്ട് നാലുപേർ മരിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തുണ്ടായ നഷ്ടം നേരിട്ടു വിലയിരുത്താൻ കേന്ദ്രസംഘം എത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. നാശനഷ്ടത്തിന്റെ കണക്കുകൾ വ്യക്തമാക്കി കേന്ദ്രസർക്കാരിനു നൽകിയ റിപ്പോർട്ടിലാണ് ഈയാവശ്യമുന്നയിച്ചത്. അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് മേയ് 15, 16 തീയതികളിലാണ് കർണാടകത്തിന്റെ തീരദേശ-മലയോര മേഖലകളിൽ നാശം വിതച്ചത്.