ബെംഗളൂരു : കർണാടകത്തിൽ ഉയർന്ന കോവിഡ് വ്യാപനമുള്ള 11 ജില്ലകളിൽ ലോക് ഡൗൺ ജൂൺ 21 വരെ നീട്ടി. ബെംഗളൂരു ഉൾപ്പെടെ 20 ജില്ലകളിൽ ജൂൺ 14 മുതൽ ഇളവുകൾ നിലവിൽ വരും. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ ഉച്ചയ്ക്കുശേഷം രണ്ടുവരെ തുറക്കാൻ അനുവദിക്കുന്നതുൾപ്പെടെയാണ് ഇളവുകൾ. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. നിലവിലെ ലോക് ഡൗൺ ജൂൺ 14 വരെയാണ്.

ചിക്കമഗളൂരു, ശിവമോഗ, ദാവണഗെരെ, മൈസൂരു, ചാമരാജനഗർ, ഹാസൻ, ദക്ഷിണകന്നഡ, ബെംഗളൂരു റൂറൽ, മാണ്ഡ്യ, ബെലഗാവി, കുടക് ജില്ലകളിലാണ് ലോക് ഡൗൺ നീട്ടുന്നത്. ഈ ജില്ലകളിൽ നിലവിലുള്ള നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു.

ബാക്കി ജില്ലകളിൽ ജൂൺ 21 വരെയുള്ള ആദ്യഘട്ട ഇളവുകളാണ് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെ രാത്രി കർഫ്യൂ ഉണ്ടാകും. ആഴ്ചവാസന ദിവസങ്ങളിൽ സമ്പൂർണ കർഫ്യൂ ആയിരിക്കും. വെള്ളിയാഴ്ച രാത്രി ഏഴുമുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെയായിരിക്കുമിത്.

പ്രഖ്യാപിച്ച ഇളവുകൾ

50 ശതമാനം ജീവനക്കാരുമായി എല്ലാ വ്യവസായശാലകൾക്കും പ്രവർത്തിക്കാം. വ സ്ത്രനിർമാണ ശാലകളിൽ 30 ശതമാനം ജീവനക്കാരെയേ അനുവദിക്കൂ.

അവശ്യസാധനങ്ങൾ ലഭിക്കുന്ന കടകൾ രാവിലെ ആറുമുതൽ ഉച്ചകഴിഞ്ഞ രണ്ടുമണിവരെ തുറക്കാം.

എല്ലാ നിർമാണ പ്രവൃത്തികളും പുനരാരംഭിക്കാം.

സിമന്റ്, സ്റ്റീൽ വിൽപ്പന ശാലകൾ തുറക്കാം.

പാർക്കുകൾ രാവിലെ അഞ്ചുമുതൽ പത്തുവരെ തുറക്കും

തെരുവു കച്ചവടക്കാരെ രാവിലെ ആറുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ അനുവദിക്കും

ഓട്ടോ-ടാക്സി വാഹനങ്ങൾ അനുവദിക്കും. ഇവയിൽ രണ്ടു യാത്രക്കാരിൽ കൂടരുത്.