മൈസൂരു : ഭൂമി ഇടപാടിൽ പങ്കുള്ളവരായ കെ.ആർ. നഗർ എം.എൽ.എ. എസ്.ആർ. മഹേഷ്, മൈസൂരു നഗരവികസന അതോറിറ്റി ചെയർമാൻ എച്ച്.വി. രാജീവ് എന്നിവരാണ് സ്ഥലംമാറ്റാൻ ഗൂഢാലോചന നടത്തിയതെന്ന് മുൻ മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരിയുടെ ആരോപണം. പ്രാദേശിക ചാനലിലെ മാധ്യമപ്രവർത്തകനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് രോഹിണി ഇവർക്ക് പങ്കുള്ളതായി ആരോപിച്ചത്. ഫോൺ സംഭാഷണം സ്ഥിരീകരിച്ച രോഹിണി അതിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി.

ബുധനാഴ്ചയാണ് ഫോൺ സംഭാഷണം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മഹേഷും കൂട്ടാളികളും ചേർന്ന് മൈസൂരുവിലും പരിസരപ്രദേശങ്ങളിലും നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് രോഹിണി സംഭാഷണത്തിൽ വിശദീകരിക്കുന്നുണ്ട്. ‘‘ലിംഗംബുദ്ധി തടാകതീരത്ത് അനധികൃതമായി നിർമിക്കാൻ ലക്ഷ്യമിട്ട പഞ്ചനക്ഷത്ര ഹോട്ടൽ അടക്കമുള്ള പദ്ധതികളിൽ മഹേഷിന്റെ പങ്കാളിയാണ് രാജീവ്. മൈസൂരുവിൽ ഡി.സി.യായി ചുമതലയേറ്റശേഷം ഇതേക്കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചപ്പോൾ ദസറ വന്നു. അതിനുപിന്നാലെ കോവിഡിന്റെ തരംഗവും. അതിനുശേഷം അന്വേഷണം നടത്താൻ ശ്രമിച്ചപ്പോൾ കോവിഡ് രണ്ടാംതരംഗവും വന്നു’’- രോഹിണി പറഞ്ഞു.

രോഹിണിക്കെതിരേ മഹേഷ് വ്യാഴാഴ്ച മേഖലാ കമ്മിഷണറുടെ ഓഫീസിനുമു മുന്നിൽ പ്രതിഷേധം നടത്തി. രോഹിണിയുടെ ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ എം.എൽ.എ. സ്ഥാനം രാജിവെച്ച് പൊതുജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശിൽപ്പയ്ക്കെതിരേ പരാതി

മുൻ മൈസൂരു കോർപ്പറേഷൻ കമ്മിഷണർ ശിൽപ്പ നാഗിനെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രോഹിണി ചീഫ് സെക്രട്ടറി പി. രവികുമാറിന് പരാതി നൽകി. തന്നെ പുറത്താക്കാൻവേണ്ടി ശിൽപ്പ രാഷ്ട്രീയക്കാരുമായിചേർന്ന് രാജിവെക്കൽ നാടകം കളിച്ചതാണെന്ന് രോഹിണി ആരോപിച്ചു. രാഷ്ട്രീയക്കാരുമായി ശിൽപ്പയ്ക്കുള്ള ബന്ധം അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.