ബെംഗളൂരു : മാട്രിമോണിയൽ വെബ്‌സൈറ്റുവഴി പരിചയപ്പെട്ടയാൾ പത്തുലക്ഷം രൂപ തട്ടിയെടുത്തതായി യുവതിയുടെ പരാതി. സൗത്ത് ബെംഗളൂരു രാഘവേന്ദ്ര ലേഔട്ട് സ്വദേശിയായ 31-കാരിയാണ് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്. ജനുവരിയിലാണ് യുവതി ഫോട്ടോ മാട്രിമോണിയൽ സൈറ്റിലിട്ടത്. തുടർന്ന് പ്രേം ബസു എന്ന പ്രൊഫൈലിൽനിന്ന് വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ചു. ലണ്ടനിലാണ് ജോലി ചെയ്യുന്നതെന്നും ഉടൻ ഇന്ത്യയിലേക്ക് മടങ്ങുമെന്നും പ്രേം ബസു അറിയിച്ചു. കുറച്ചുദിവസങ്ങൾക്കുശേഷം പ്രേം ബസു ഡൽഹിയിലെത്തിയിട്ടുണ്ടെന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെയാണ് വന്നതെന്ന് അറിയിച്ച് അജ്ഞാത നമ്പറിൽനിന്ന് യുവതിക്ക് കോൾവന്നു. രേഖകളില്ലാതെ രണ്ടുകോടിയുടെ വിദേശ കറൻസിയുമായി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പ്രേം ബസുവിനെ വിട്ടുകിട്ടാൻ വിവിധ ഫീസുകൾക്കായി പണം അയയ്ക്കാനും ആവശ്യപ്പെട്ടു. തുടർന്ന് പല തവണകളിലായി യുവതി 10,13,500 രൂപ അയച്ചുകൊടുത്തു. പിന്നീട്, പ്രേം ബസുവിനെ വിളിക്കാൻ നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായ യുവതി പോലീസിൽ പരാതിനല്കിയത്.